കൊയമ്പത്തൂര്‍: പൊറോട്ടയെടുത്തു കഴിച്ചതിനെ തുടർന്നുണ്ടായ വാക് തര്‍ക്കത്തില്‍ കൊലപാതകം. തൊഴിലാളിയുടെ മർദനമേറ്റാണ് കൊയമ്പത്തൂരില്‍ യുവാവ് മരിച്ചത്. കോയമ്പത്തൂര്‍ ഇടയർപാളയം ശിവാജി കോളനി ശിവകാമി നഗറിൽ ജയകുമാറിനെ(25) കൊലപ്പെടുത്തിയ തടാകം റോഡിലെ തൊഴിലാളി വെള്ളിങ്കിരി(51) യെ പൊലീസ് അറസ്റ്റ് ചെയ്തു.

ജയകുമാറും കൂട്ടുകാരും തടാകത്തെ ഇഷ്ടിക കളത്തിൽ മദ്യപിക്കുമ്പോഴാണ് സമീപത്തെ താമസ സ്ഥലത്തിരുന്ന് വെള്ളിങ്കിരി പൊറോട്ട കഴിക്കുന്നത് കണ്ടത്. ജയകുമാർ വെള്ളിങ്കിരിയുടെ അനുവാദമില്ലാതെ അയാളുടെ പാത്രത്തിൽ നിന്ന് പൊറോട്ടയെടുത്തു കഴിച്ചു.

ജയകുമാറിന്റെ നടപടിയെ വെള്ളിങ്കിരി ചോദ്യം ചെയ്തപ്പോൾ രണ്ടുപേരും തമ്മിൽ വഴക്കായി. വഴക്കിനിടെ ജയകുമാർ ഇഷ്ടികയെടുത്ത് വെള്ളിങ്കിരിയെ അടിച്ചു. കോപിച്ച വെള്ളിങ്കിരി മരക്കഷ്ണമെടുത്ത് ജയകുമാറിന്റെ തലയ്ക്കും ദേഹത്തും പൊതിരെ തല്ലി. പരുക്കേറ്റ ജയകുമാർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.