വനിത ഹോസ്റ്റലിലെ സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാനായില്ല. കൊല്ലപ്പെട്ട പിഎം ജോണിന്‍റെ പരിചിതനാണ് പ്രതിയെന്നാണ് സൂചന. സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്നവരുടെ ഫോൺ വിവരങ്ങളും പോലീസ് പരിശോധിക്കും.

കഞ്ചിക്കോട്: വനിത ഹോസ്റ്റലിലെ സുരക്ഷ ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ പിടികൂടാനായില്ല. കൊല്ലപ്പെട്ട പിഎം ജോണിന്‍റെ പരിചിതനാണ് പ്രതിയെന്നാണ് സൂചന. സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്നവരുടെ ഫോൺ വിവരങ്ങളും പോലീസ് പരിശോധിക്കും.

Add Asianetnews as a Preferred SourcegooglePreferred

രണ്ട് ദിവസം മുൻപാണ് കഞ്ചിക്കോട് പ്രവർത്തിക്കുന്ന വനിത ഹോസ്റ്റലിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ ഇരുന്പ് വടികൊണ്ട് തലയ്ക്കടിച്ച് സുരക്ഷാ ജീവനക്കാരനെ കൊലപ്പെടുത്തിയത്. സംഭവം സിസിടിവിയിൽ പതിഞ്ഞെങ്കിലും അക്രമിയെ തിരിച്ചറിയാനായില്ല. സിസിടിവി ദൃശ്യങ്ങളിൽ കണ്ട അക്രമിയുമായി രുപസാദൃശ്യമുള്ള സമീപവാസികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവരിൽ നിന്ന് കാര്യമായ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല.

ഇവരെ പിന്നീട് പൊലീസ് വിട്ടയച്ചു. പ്രതിയെ കണ്ടെത്താൻ മറ്റ് പോലീസ് സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കുറ്റകൃത്വം ചെയ്തവരുടെ വിവരങ്ങളും പോലീസ് തേടുന്നുണ്ട്. അക്രമി സുരക്ഷ ജീവനക്കാരനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിക്കാത്തതും കുറച്ച് നേരം വാക്കേറ്റത്തിലേർപ്പെടുന്നതും പരിഗണിക്കുന്പോൾ ഇയാൾ മോഷ്ടാവാകാനുള്ള സാധ്യതയില്ലെന്ന നിഗമനത്തിലാണ് പോലീസ്. ഹോസ്റ്റലിൽ നിന്ന് ഒന്നും നഷ്ടമായില്ലെന്നും കണ്ടെത്തി. ഇതോടെയാണ് കൊല്ലപ്പെട്ട പിഎം ജോണിന് മുൻപരിചയമുള്ളയാളാവണം പ്രതി എന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേർന്നത്. 

സംഭവസമയം ഹോസ്റ്റലിൽ 15 അന്തേവാസികളാണ് ഉണ്ടായിരുന്നത്. ഹോസ്റ്റലിലുണ്ടായിരുന്ന ആരും പ്രതിയുടെ മുഖം വ്യക്തമായി കണ്ടിട്ടില്ല. കോയന്പത്തൂരിലെ കോളേജിൽ പ‍ഠിക്കുന്ന വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും ഹോസ്റ്റലിലുണ്ട്. ഇവരെല്ലാവരുടെയും ഫോൺ വിവരങ്ങൾ പോലീസ് തേടുന്നുണ്ട്. കഞ്ചിക്കോട് വ്യവസായ മേഖലയിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഡിവൈഎസ്പി സാജു എബ്രഹാമിനാണ് കേസിന്‍റെ അന്വേഷണ ചുമതല.