അലിഗഢ്: അലിഗഢ് റെയില്‍വേ സ്റ്റേഷനില്‍ മുസ്‌ലിം കുടുംബത്തെ ആക്രമിച്ചതായി പരാതി. കന്നൗജില്‍ നിന്ന് യാത്ര ചെയ്ത നാലംഗ കുടുംബത്തിന് നേരെയാണ് ഞായറാഴ്ച ആക്രമണമുണ്ടായത്.  പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.  രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കുടുംബത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഐപിസി സെക്ഷന്‍ 147, 352 വകുപ്പ് പ്രകാരം കേസെടുത്തെന്ന് പൊലീസ് അറിയിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. വാക്കുതര്‍ക്കം ആക്രമണത്തില്‍ കലാശിച്ചതാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി.