മരിച്ചെന്ന് വരുത്തിത്തീർത്തു, 26 വർഷമായി ജീവിതം വ്യാജ പേരിൽ, പൊലീസിനെ കൊന്ന കേസിൽ നക്സലൈറ്റ് നേതാവ് പിടിയിൽ
നേരത്തേ ഇയാൾ മരിച്ചുപോയെന്നായിരുന്നു പൊലീസ് അനുമാനം. എന്നാൽ അടുത്തകാലത്തായി ഇയാൾ വീണ്ടും സജീവ പ്രവർത്തനത്തിന് ഇറങ്ങിയതായി വിവരം ലഭിച്ച ദില്ലി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി

ദില്ലി: കഴിഞ്ഞ 26 വർഷമായി പൊലീസിനെ (Police) കബളിപ്പിച്ച് വ്യാജ പേരിൽ (Fake Identity) ജീവിക്കുന്ന നക്സലൈറ്റ് നേതാവിനെ (Naxalite Leader) പിടികൂടി പൊലീസ്. ബിഹാർ പൊലീസ് (Bihar Police) ഉദ്യോഗസ്ഥനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഇയാൾ ആൾമാറാട്ടം നടത്തി ജീവിച്ച് വരികയായിരുന്നു. ഐപിഎഫ് - മാലേ എന്ന 1990 കളിൽ സജീവമായിരുന്ന നക്സൽ ഗ്രൂപ്പിന്റെ നേതാവായാരുന്നു 60 വയസ്സുകാരനായ കിഷുൻ പണ്ഡിറ്റ്.
എന്നാൽ വ്യാജപ്പേരിൽ ഹരിയാനയിലെ ഫരീദാബാദിൽ ജീവിച്ച് വരവെയാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. നേരത്തേ ഇയാൾ മരിച്ചുപോയെന്നായിരുന്നു പൊലീസ് അനുമാനം. എന്നാൽ അടുത്തകാലത്തായി ഇയാൾ വീണ്ടും സജീവ പ്രവർത്തനത്തിന് ഇറങ്ങിയതായി വിവരം ലഭിച്ച ദില്ലി ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കി. എസിപി അഭിനേന്ദ്ര ജെയിനിന്റെ നേതൃത്വത്തിൽ ലോക്കൽ പൊലീസ് സംഘം ഇയാൾക്കായി വലവിരിച്ചു. ഒടുവിൽ ദില്ലിയിലെ പോൾ പ്രഹ്ലാദ്പൂരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ ഈ സമയം താൻ സൊളേന്ദ്ര പണ്ഡിറ്റ് ആണെന്ന് വ്യാജരേഖകൾ കാണിച്ച് സമർത്ഥിക്കാൻ ഇയാൾ ശ്രമം നടത്തിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
1996 ൽ ബിഹാറിലെ പൻപനിൽ നക്സൽ നേതാവായ ദേവേന്ദർ സിംഗിനെ അജ്ഞാതർ കൊന്നു. ഇയാളുടെ മൃതദേഹം പൊലീസ് കൊണ്ടുപോയി. പണ്ഡിറ്റും സംഘവും പൊലീസിനെ ആക്രമിച്ചു. ഈ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ദേവേന്ദർ സിംഗിന്റെ മൃതദേഹവുമായി നക്സൽ സംഘം കടന്നു. പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്കും വെടിയുണ്ടകളും സംഘം കവർന്നു.
സംഭവത്തിൽ കേസെടുത്ത ബിഹാർ പൊലീസ് 31 പേരെ അറസ്റ്റ് ചെയ്തു. എന്നാൽ പണ്ഡിറ്റ് അടക്കമുള്ള നാല് പേർ രക്ഷപ്പെട്ടു. 1997 ൽ പണ്ഡിറ്റിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു. അന്ന് ഒളിവിൽ പോയ പണ്ഡിറ്റിനെ 26 വർഷങ്ങൾക്ക് ശേഷമാണ് പൊലീസ് പിടികൂടുന്നത്.
ഇതിനിടെ പണ്ഡിറ്റ് തന്റെ മരണം വ്യാജമായി ആസൂത്രണം ചെയ്ത് നടപ്പാക്കി. ബിഹാറിലെ ഒരു റെയിൽ ദുരന്തത്തിൽ നിന്ന് ലഭിച്ച മൃതദേഹം കിഷുൻ പണ്ഡിറ്റിന്റേതാണെന്ന് കുടുംബം മൊഴി നൽകി. തുടർന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ മൃതദേഹം സംസ്കരിച്ചു. ഇതോടെ മറ്റൊരു പേരിലും വിലാസത്തിലുമുള്ള പണ്ഡിറ്റിന്റെ ജീവിതം കൂടുതൽ വിശ്വസനീയമാകുകയായിരുന്നു.