Asianet News MalayalamAsianet News Malayalam

രാജ്‍കുമാർ ഇരയോ? 'ഹരിത' ചിട്ടി തട്ടിപ്പിൽ പിരിച്ച ആ കോടികൾ എവിടെപ്പോയി?

തട്ടിപ്പിൽ മൂന്നരക്കോടിയെങ്കിലും രൂപ മറിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തമിഴ് മാത്രം എഴുതാൻ അറിയാവുന്ന, ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്‍കുമാർ ഇത്ര വലിയ തട്ടിപ്പ് നടത്തിയോ? ആ പണമെവിടെ?

nedumkandam custodial killing inside stories
Author
Nedumkandam, First Published Jun 29, 2019, 11:46 AM IST

ഇടുക്കി: വീണ്ടുമൊരു കസ്റ്റഡി മരണത്തിന്‍റെ വിവാദങ്ങൾ കേരളാ പൊലീസിനെ പിടിച്ചുലയ്ക്കുകയാണ്. ചിട്ടി തട്ടിപ്പ് കേസ് പ്രതിയായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ പൊലീസ് കസ്റ്റഡിയിൽ വച്ച് മർദ്ദിച്ച് കൊന്നുവെന്ന ആരോപണമാണ് ഉയരുന്നത്. എന്നാലിത് കസ്റ്റഡി കൊലപാതകം മാത്രമാണോ? കസ്റ്റഡിയിലെ മർദ്ദനത്തിലേക്കും, അതിനുമപ്പുറത്തേക്ക്, വലിയ പണം ഒറ്റ രാത്രി കൊണ്ട് കാണാതായതിലേക്കും അന്വേഷണം നീളണ്ടതല്ലേ? നിസ്സാര തട്ടിപ്പല്ല, ഇടുക്കി നെടുങ്കണ്ടത്തെ 'ഹരിത ഫൈനാൻസ്' ചിട്ടി ഇടപാട്.

എന്തായിരുന്നു രാജ്‍കുമാറിനെതിരായ കേസ്?

മെയ് 14-നാണ് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ 'ഹരിത ഫൈനാൻസ്' എന്ന പേരിലൊരു ചിട്ടി തട്ടിപ്പ് നടന്നെന്ന പരാതി വരുന്നത്. കേസിങ്ങനെയാണ്: 

'ഹരിത' എന്ന പേരിലുള്ള ചിട്ടിക്കമ്പനി കുടുംബശ്രീ പോലെയുള്ള സ്വയം സഹായ സഹകരണ സംഘങ്ങളെയാണ് ലക്ഷ്യമിട്ടത്. ആയിരം രൂപ മെമ്പർഷിപ്പ് എടുത്ത് ആർക്കും ചിട്ടിയിൽ ചേരാം. ആയിരം രൂപ എടുത്തവർക്ക് ഒരു ലക്ഷം വരെ വായ്‍പ കിട്ടും. രണ്ടായിരം രൂപയെടുത്താൽ രണ്ട് ലക്ഷം വരെ വായ്‍പയെടുക്കാം. മൂവായിരം രൂപയാണെങ്കിൽ മൂന്ന് ലക്ഷം. അങ്ങനെ പത്തിന്‍റെ ഗുണിതങ്ങളായി പതിനായിരം രൂപ വരെയാണ് ഒറ്റത്തവണ മെമ്പർഷിപ്പ്. പതിനായിരം രൂപ അടച്ചാൽ പത്ത് ലക്ഷം രൂപ വരെ കിട്ടും. 

ചിട്ടി സ്ഥാപനം നടത്താനുള്ള റജിസ്ട്രേഷനും ലൈസൻസുമെല്ലാം രാജ്‍കുമാറിനുണ്ട്. ഇടുക്കി നെടുങ്കണ്ടത്തായിരുന്നു 'ഹരിത' ഫൈനാൻസിന്‍റെ ഓഫീസ്. സ്ത്രീ ജീവനക്കാരായിരുന്നു രാജ്‍കുമാറിന്‍റെ ഓഫീസിലുണ്ടായിരുന്നത്. വ്യക്തികളേക്കാൾ കൂടുതൽ സ്വയം സഹായ സഹകരണ സംഘങ്ങളെയാണ് ഇവർ ലക്ഷ്യമിട്ടത്. അതായത് ഒറ്റത്തവണ ഒരുപാട് പേരുടെ തുക കിട്ടും. സ്ത്രീ ജീവനക്കാരാണ് വരുന്നത് എന്നതിനാൽ നിക്ഷേപകർക്ക് വലിയ സംശയം തോന്നുകയുമില്ല. ജനുവരിയിലാണ് ഹരിത ഫൈനാൻസ് വഴി ഇത്തരമൊരു പണപ്പിരിവ് തുടങ്ങിയത്.

പിരിവ് മാത്രം, പണമില്ല

മെയ് മാസമായപ്പോഴേക്ക്, നിക്ഷേപകരിൽ പലരും പരാതിയുമായി രംഗത്തെത്തിത്തുടങ്ങി. പണം നൽകിയത് മാത്രമേയുള്ളൂ. വായ്‍പത്തുക ആർക്കും കിട്ടിയില്ല. പിരിച്ചെടുത്ത പണവുമില്ല. പിരിച്ച പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഒരു സംഘം നിക്ഷേപകർ ആദ്യം പരാതി നൽകിയത്. മെയ് 14-നാണ് ആദ്യ പരാതി നൽകിയത്.

ഇതേത്തുടർന്ന് ഇടനിലക്കാരൻ എന്ന നിലയിൽ നിക്ഷേപകർക്ക് അറിയാമായിരുന്ന വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. പലരിൽ നിന്നായി രാജ്‍കുമാറും ഹരിത ഫൈനാൻസും മൂന്നരക്കോടി രൂപയോളം പിരിച്ചെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. ഒന്നുകിൽ വായ്‍പ നൽകണം, അതല്ലെങ്കിൽ പിരിച്ച പണം തിരികെ നൽകണമെന്ന് മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തിനകം പണം നൽകാമെന്ന വ്യവസ്ഥയിൽ രാജ്‍കുമാറിനെ പൊലീസ് അന്ന് നിക്ഷേപകരുമായി ഒത്തുതീർപ്പാക്കി വിട്ടു. 

എന്നാൽ പിന്നീടും നിക്ഷേപകരിൽ ആർക്കും പണം കിട്ടിയില്ല. പണം വേണമെന്നാവശ്യപ്പെട്ട് ജൂൺ 12-ന് നാട്ടുകാർ കോലാഹലമേട്ടിലെ രാജ്‍കുമാറിന്‍റെ വീട് ഉപരോധിച്ചു. തടഞ്ഞു വച്ചു. തുടർന്ന് പൊലീസെത്തി രാജ്‍കുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. 

പലയിടത്തും തെരച്ചിൽ നടത്തി

രാജ്‍കുമാർ പിരിച്ചെടുത്ത ആ പണമെവിടെ എന്നതായിരുന്നു പൊലീസിനെ വലച്ചത്. പലയിടത്തും രാജ്‍കുമാറിനെയും കൊണ്ട് പൊലീസ് പോയെങ്കിലും പണം കണ്ടെത്താനായില്ല. പല ബാങ്കുകളിലായി രാജ്‍കുമാർ പണം നിക്ഷേപിച്ചെന്നായിരുന്നു പൊലീസിനോട് പറഞ്ഞത്. ഇതനുസരിച്ച് കുട്ടിക്കാനം ഐസിഡിബി പോലെയുള്ള ബാങ്കുകളിൽ പൊലീസ് രാജ്‍കുമാറിനെയും കൊണ്ട് പോയി. എന്നാൽ ഇവിടെയൊന്നും പണമുണ്ടായിരുന്നില്ല. രാജ്‍കുമാറിന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ള അക്കൗണ്ടുകളിൽ രണ്ടായിരത്തോളം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

കസ്റ്റഡിയിൽ നടന്നതെന്ത്?

ജൂൺ 12-നാണ് പൊലീസ് രാജ്‍കുമാറിനെ കസ്റ്റഡിയിലെടുക്കുന്നത്. അന്നേ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് രാജ്‍കുമാറിനെ കൊണ്ടുവരുന്ന സിസിടിവി ദൃശ്യങ്ങളുണ്ട്. പക്ഷേ കസ്റ്റഡിയിൽ നിന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കാൻ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളില്ല. ഇക്കാര്യം സ്ഥിരീകരിക്കാനാണ് പ്രത്യേകാന്വേഷണ സംഘം സ്റ്റേഷനിലെ എല്ലാ സിസിടിവികളും പരിശോധിച്ച് ദൃശ്യങ്ങളെടുത്തിരിക്കുന്നത്.

ഈ പണമെവിടെ എന്ന് ചോദിക്കാനാണ് പൊലീസ് രാജ്‍കുമാറിനെ ക്രൂരമായി മർദ്ദിച്ചിരിക്കുക എന്ന് പറയുന്നുണ്ട്. ആ ക്രൂരമായ കസ്റ്റഡി മരണത്തിൽ രാജ്‍കുമാറിന് ഗുരുതരമായി പരിക്കേറ്റിരിക്കണം. പണം കിട്ടാനായി പൊലീസ് ഇയാളെ മർദ്ദിച്ചു കൊന്നു എന്നും ആരോപണമുയരുന്നുണ്ട്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത തുക എത്രയായിരുന്നു എന്നതിലും അവ്യക്തതകളുണ്ട്. ഒന്നരലക്ഷം രൂപയാണ് ഹരിത ഫൈനാൻസിന്‍റെ ഓഫീസിൽ നിന്ന് കണ്ടെടുത്തത് എന്നാണ് സ്റ്റേഷൻ രേഖ. എന്നാൽ രണ്ടരലക്ഷത്തോളം കണ്ടെടുത്തിരുന്നു എന്ന് ആരോപണമുയരുന്നുണ്ട്.

ജൂൺ 12-നാണ് രാജ്‍കുമാറിനെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ജൂണ്‍ 15-ന് രാത്രിയില്‍ മാത്രമാണ് പൊലീസ് രാജ് കുമറിനെ കോടതിയില്‍ ഹാജരാക്കുന്നത്.  ജൂണ്‍ 16-ന് രാത്രി 9.30-നു രാജ്‍കുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 21-ന് ആരോഗ്യ നില മോശമായതിനെത്തുടർന്ന് രാജ്‍കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് രാജ്‍കുമാർ മരിച്ചത്.

കസ്റ്റഡിക്കൊല ആസൂത്രിതമോ?

രാജ്‍കുമാറിന് മാത്രമേ പിരിച്ചെടുത്ത തുക എവിടെയെന്ന് അറിയാമായിരുന്നുള്ളൂ എന്നാണ് നിക്ഷേപകരുൾപ്പടെ പലരും ആരോപിക്കുന്നത്. രാജ്‍കുമാറിനെ കസ്റ്റഡിയിൽ മർദ്ദിച്ചു കൊന്നതിലൂടെ ആ പണം എവിടെയെന്നത് ആർക്കുമറിയാതായെന്നും ആരോപണമുയരുന്നുള്ളൂ. 

തട്ടിപ്പിൽ മൂന്നരക്കോടിയെങ്കിലും രൂപ മറിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തമിഴ് മാത്രം എഴുതാനറിയാവുന്ന, ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്‍കുമാർ ഇത്ര വലിയ തട്ടിപ്പ് നടത്തിയോ? തേയ്ക്കുകയോ, പെയിന്‍റടിക്കുകയോ പോലും ചെയ്യാത്ത വീട്ടിൽ കഴിയുന്ന രാജ്‍കുമാറിന് ആസൂത്രണം ചെയ്യാനാകുന്ന തട്ടിപ്പാണോ ഇത്? ഓഫീസിൽ നിന്ന് കണ്ടെടുത്ത ഒന്നരലക്ഷം കിഴിച്ചാൽ അപ്പോഴും പിരിച്ചെടുത്ത കോടികൾ കിട്ടാനുണ്ട്. ആ തുക മുഴുവൻ എവിടെപ്പോയി? ആരുടെ കയ്യിലാണ് അതുള്ളത്? 

നിസ്സാരതട്ടിപ്പല്ല നടന്നിരിക്കുന്നത്. കോടികൾ മറിഞ്ഞ തട്ടിപ്പ് കേസിൽ ആ തുക മുഴുവൻ കയ്യിലുള്ള വ്യക്തികളോ, ഒരു സംഘമാളുകളോ ഇതിന് പിന്നിലുണ്ട്. കസ്റ്റഡിക്കൊല മാത്രമാക്കി ഇതിനെ ഒതുക്കുമ്പോൾ അന്വേഷണമെത്തുന്നത് പൊലീസുകാരിലേക്ക് മാത്രമായിരിക്കും. എന്നാൽ കസ്റ്റഡിയിൽ മർദ്ദനം നടന്നതെന്തിന് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കേണ്ടതുണ്ട്. രാജ്‍കുമാർ വെറുമൊരു 'ഇര' മാത്രമായിരുന്നോ എന്നും.

Follow Us:
Download App:
  • android
  • ios