തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
കോട്ടയം: വൈക്കം തലയാഴത്ത് വളർത്തുപൂച്ചയെ വെടിവെച്ച് (Cat Shot) കൊന്ന സംഭവത്തിൽ അയൽവാസി അറസ്റ്റിൽ ( Neighbour Arrested). തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.
തൻ്റെ പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് ഞായറാഴ്ചയാണ് അയൽവാസി രമേശൻ പൂച്ചയെ വെടിവെച്ചത്. തലയാഴത്ത്പരണാത്ര വീട്ടിൽ രാജുവിൻ്റെയും സുജാതയുടെയും 7 മാസം പ്രായമുള്ള ചിന്നു പൂച്ചയാണ് ചത്തത്. രമേശന്റെ വളർത്തു പ്രാവിനെ കഴിഞ്ഞദിവസം ചിറകൊടിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് വെടിവച്ചതെന്നാണ് പരാതി. നേരത്തെ വളർത്തിയ പതിനഞ്ചിലധികം പൂച്ചകളെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും സുജാതയും രാജുവും പറയുന്നു.
വെടിവെപ്പിൽ പൂച്ചയുടെ കരളിൽ മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. നാല് സെൻ്റീമീറ്റർ നീളമുള്ള എയർഗൺ പെല്ലറ്റ് ആണ് പൂച്ചയുടെ ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. തൃപ്പൂണിത്തുറയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകിയെങ്കിലും പൂച്ച അവശനിലയിൽ തുടർന്നു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൂച്ച ചത്തത്. സംഭവത്തിൽ പൊലീസ് സ്വമേധയാ ആണ് കേസെടുത്തത്.