ബംഗളൂരു: മുത്തൂറ്റ് ഫിനാൻസിന്റെ ബംഗളൂരു ലിംഗരാജപുരം ശാഖയിലെ കവര്‍ച്ചയ്ക്ക് പിന്നില്‍ നേപ്പാളിൽ നിന്നുള്ള പന്ത്രണ്ട് അംഗ സംഘമെന്ന് പൊലീസ്. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനും സഹോദരനുമാണ് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

കവര്‍ച്ചയ്ക്ക് പിന്നാലെ ഇവർ നേപ്പാളിലേക്ക് കടന്നതായും പൊലീസ് വ്യക്തമാക്കി. ലിംഗരാജപുരത്തെ മുത്തൂറ്റ് സ്ഥാപനത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കവര്‍ച്ച നടന്നത്. ഏകദേശം 77 കിലോഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തില്‍റെ ശുചിമുറിയുടെ ചുമരുകള്‍ തുരന്നാണ് കെട്ടിടത്തിനുള്ളിലേക്ക് മോഷ്ടാക്കള്‍ എത്തിയത്.  

ലോക്കറുകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് തകർത്ത നിലയിലാണ് കണ്ടെത്തിയത്‍. തിങ്കളാഴ്ച രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. സ്ഥാപനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ നന്നായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് നിഗമനത്തിലെത്തിയിരുന്നു.

കേസെടുത്ത പുലികേശി നഗർ പൊലീസ് കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള   അന്വേഷണമാണ് തുടക്കം മുതല്‍ പൊലീസ് സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ദിവസം, ബീഹാറിലെ ഹാജിപൂരിലെ മുത്തൂറ്റ് ഫിനാൻസ് കോ ബ്രാഞ്ചിലും കവര്‍ച്ച നടന്നിരുന്നു. മുത്തൂറ്റ് ശാഖ മാനേജരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്കിൽ നിന്നും 55 കിലോ സ്വര്‍ണമാണ് അക്രമികൾ കവര്‍ന്നത്.