പോക്‌സോ കേസിൽ കുപ്രസിദ്ധ ഗുണ്ടാതലവൻ സാഗേഷ് കുമ്പാളി അറസ്റ്റിലായി. ലഹരി നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒന്നരമാസമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ബത്തേരിയിൽ നിന്നാണ് എലത്തൂർ പോലീസ് പിടികൂടിയത്.

സുൽത്തൻബത്തേരി: പോക്സോ കേസിൽ ഗുണ്ടാ തലവൻ സാഗേഷ് കുമ്പാളി അറസ്റ്റിൽ. ബത്തേരിയിൽ ഒളിവിൽ കഴിയവെ റിസോർട്ട് വളഞ്ഞ് അതിസാഹസികമായാണ് ഇയാളെ എലത്തൂർ പൊലീസ് പിടികൂടിയത്. അന്തർ സംസ്ഥാന ലഹരി സൃഘയിലെ പ്രധാന കണ്ണിയാണ് പിടിയിലായ സാഗേഷ്. റോളക്സ് എന്ന സിനിമ കഥാപാത്രത്തെ അനുകരിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നത്. കോഴിക്കോട് സ്വദേശിയായ പതിനാറുകാരിയെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഒന്നരമാസമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു. എലത്തൂർ ഇൻസ്പെക്ടർ കെ. ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

പതിനഞ്ചോളം കേസുകളിൽ പ്രതിയായ സാഗേഷ് കഞ്ചാവ് കൈവശം വെച്ചതിന് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതുകൂടാതെ വധശ്രമം അടക്കം നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളുമായി സൗഹൃദം സ്ഥാപിച്ചാണ് പ്രതി പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. പിന്നീട് ലോഡ്ജിലെത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചതായും നഗ്നദൃശ്യങ്ങൾ പകർത്തിയതായും പോലീസ് കണ്ടെത്തി. തമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തിന്റെ മാതൃകയിൽ ‘ഡോൺ’ എന്ന പ്രതിച്ഛായ സൃഷ്ടിച്ചാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പ്രവർത്തിച്ചിരുന്നത്. ക്വട്ടേഷൻ സംഘങ്ങൾക്കും മാർഷ്യൽ ആർട്സ്, ജിം മേഖലയുമായി ബന്ധപ്പെട്ടവർക്കും സാഗേഷ് ലഹരി വിൽപ്പന നടത്തിയതായാണ് കണ്ടെത്തൽ.

പ്രതിയെ പിടികൂടാനായി 'ഓപ്പറേഷൻ റോളക്സ്' എന്ന പേരിലാണ് എലത്തൂർ പോലീസും സൈബർ സെല്ലും അന്വേഷണം നടത്തിയത്. നൂറുകണക്കിന് മൊബൈൽ നമ്പറുകളും ടവർ ലൊക്കേഷനുകളും പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പോലീസിന്റെ കണ്ണുവെട്ടിക്കാൻ പ്രതി നിരന്തരം സിം കാർഡുകളും വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും മാറ്റിയിരുന്നതായി അന്വേഷണസംഘം വ്യക്തമാക്കി. സാഗേഷിന്റെ അറസ്റ്റോടെ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി ശൃംഖലയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.