വിളക്കുടി വളവുപച്ചയില്‍ സ്റ്റേഷനറി കട നടത്തുന്ന അബ്ദുല്‍സലാമിനും ഭാര്യ നസീമയ്ക്കുമാണ് മര്‍ദനമേറ്റത്. 

കൊല്ലം: വിളക്കുടിയില്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ വയോധിക ദമ്പതികളെ മര്‍ദിച്ചെന്ന് പരാതി. ഇന്നലെ രാത്രിയെത്തിയ അക്രമി സംഘം വയോധികരെ ആക്രമിച്ചതിനു പുറമേ ഇരുവരുടെയും ഉപജീവന മാര്‍ഗമായ കടയും അടിച്ചു തകര്‍ത്തെന്നാണ് ആരോപണം. സിപിഐ പ്രാദേശിക നേതാവു കൂടിയായ മുന്‍ ഗ്രാമപഞ്ചായത്തംഗവും കൂട്ടാളികളും ചേര്‍ന്നാണ് അക്രമിച്ചതെന്നും ഇരുവരും പറയുന്നു.

വിളക്കുടി വളവുപച്ചയില്‍ സ്റ്റേഷനറി കട നടത്തുന്ന അബ്ദുല്‍സലാമിനും ഭാര്യ നസീമയ്ക്കുമാണ് മര്‍ദനമേറ്റത്. മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും സിപിഐ പ്രാദേശിക നേതാവുമായ സജീവന്‍റെ നേതൃത്വത്തിലെത്തിയ കമ്പി വടി കൊണ്ട് അടിക്കുകയും കടയിലുണ്ടായിരുന്ന സാധനങ്ങള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തെന്നാണ് പരാതി.

സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുളള തര്‍ക്കത്തിന്‍റെ പേരില്‍ സജീവന്‍ മര്‍ദിച്ചെന്നാണ് പരാതി. സമാനമായ ആക്രമണം മുമ്പും ഉണ്ടായെന്നും കുടുംബം പറയുന്നു. അതേസമയം വയോധികര്‍ മര്‍ദിച്ചെന്ന പരാതിയുമായി സജീവനും ആശുപത്രിയില്‍ ചികില്‍സ തേടി. ഇരുകൂട്ടരും പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.