വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി ഹാഷിഷ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ.

കോഴിക്കോട്: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമാക്കി ഹാഷിഷ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. പറമ്പത്ത് തലക്കുളത്തൂർ വെളുത്തേടത്ത് വിഷ്ണു കെവി (25) യെ വില്‍പനയ്ക്കായ് കൊണ്ടുവന്ന 680 ഗ്രാം ഹാഷിഷുമായി നടക്കാവ് പോലീസും ജില്ലാ ആൻറി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) ചേർന്നാണ് പിടികൂടിയത്.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ എവി ജോർജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് വിപണിയിൽ ഒന്നര ലക്ഷത്തിലധികം വിലവരുന്ന ഹാഷിഷുമായി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാവൂർ റോഡ് ക്രിസ്റ്റൽ റസിഡൻസിക്ക് മുൻവശത്ത് നിന്നായിരുന്നു സബ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. 

വിനോദയാത്രയ്ക്കായി എന്ന പേരിൽ ഗോവയിൽ പോയി വരുന്ന സമയത്താണ് ഹാഷിഷ് കേരളത്തിലേക്ക് വില്പനയ്ക്കായി എത്തിക്കുന്നതെന്ന് ഇയാൾ
ചോദ്യംചെയ്യലിൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കളിസ്ഥലങ്ങൾ, തിയേറ്ററുകൾ, ഒഴിഞ്ഞ പറമ്പുകൾ, ബീച്ചുകൾ തുടങ്ങിയ ഇടങ്ങളാണ് ഇവരുടെ പ്രധാന വിതരണ കേന്ദ്രങ്ങൾ.