Asianet News MalayalamAsianet News Malayalam

'ഓപ്പറേഷൻ ഈഗിൾ വാച്ച്': സ്കൂളുകളിൽ വ്യാപക ക്രമക്കേട്: പിടിച്ചെടുത്തത് ലക്ഷങ്ങൾ

പ്ലസ്‍വൺ അഡ്മിഷന് വേണ്ടി പിടിഎ ആവശ്യപ്പെട്ട പ്രകാരം പതിനായിരങ്ങളുമായി വന്ന രക്ഷിതാക്കൾ വിജിലൻസിന്‍റെ മുന്നിൽപ്പെടുകയും ഇവരിൽ നിന്നും പണം പിടിച്ചെടുക്കുകയും ചെയ്തു

operation eagle watch, vigilance caught lakhs of money from schools
Author
Thiruvananthapuram, First Published Jun 11, 2019, 6:20 PM IST

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തെരഞ്ഞെടുത്ത 45 ഓളം എയ്‌ഡഡ്‌ സ്കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്തത് ലക്ഷങ്ങൾ. മിക്ക സ്കൂളുകളിലും വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. പ്ലസ്‍വൺ അഡ്മിഷന് വേണ്ടി പിടിഎ ആവശ്യപ്പെട്ട പ്രകാരം പതിനായിരങ്ങളുമായി വന്ന രക്ഷിതാക്കൾ വിജിലൻസിന്‍റെ മുന്നിൽപ്പെടുകയും പണം പിടിച്ചെടുകയും ചെയ്തു.

ആലപ്പുഴ ജില്ലയിലെ വിവിധ മാനേജുമെന്‍റ് സ്കൂളുകളിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചു. പണം വിദ്യാർത്ഥികളിൽ നിന്നും പിരിച്ചതാണെന്ന് വിജിലൻസ് അറിയിച്ചു. ലജനത്തുൾ മുഹമ്മദിയ ഹയർ സെക്കന്‍ററി സ്കൂളിൽ നിന്നും 3.17 ലക്ഷം രൂപയാണ് പിടികൂടിയത്. 

തിരുവല്ല ഡിബിഎച്ച്എസ്എസിൽ പിടിഎ ഫണ്ടിന് പുറമേ 10,00 രൂപ കൂടി കുട്ടികളിൽ നിന്നും പിരിക്കുന്നുവെന്നും പിടിഎക്കായി പിരിക്കുന്ന പണം ബാങ്ക് അക്കൗണ്ടിൽ നിഷേപിക്കാതെ സ്കൂകളിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും വിജിലൻസ് അറിയിച്ചു. വട്ടപ്പാറ എൽഎംഎസ് ഹയർ സെക്കന്‍ററി സ്കൂളിൽ സ്മാർട് ക്ലാസ് തുടങ്ങാൻ 40,000 രൂപ പിരിച്ചു വച്ചിരിക്കുന്നതായും കണ്ടെത്തി.

ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ എയ്‌ഡഡ്‌ സ്കൂളുകളിലെ മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വൻ തുക വാങ്ങുക,  എയ്‌ഡഡ്‌ സ്കൂളിലെ അദ്ധ്യാപക,അനദ്ധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നൽകുന്നതിൽ നടക്കുന്ന വ്യാപക ക്രമക്കേടുകൾ, റിട്ടയർമെന്റ് ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ  കൃത്യമായ കാരണം കൂടാതെ  മാസങ്ങളോളം വരുത്തുന്ന അനാവശ്യ കാലതാമസം തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. 

നിയമന അംഗീകാരത്തിനായി വലിയ തുകകൾ സംസ്ഥാനത്തെ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ് ജീവനക്കാർ ആവശ്യപ്പെടുന്നതായുമുള്ള രഹസ്യ വിവരവുമുണ്ടെന്നാണ് വിജിലൻസ് വിശദീകരിക്കുന്നത്. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലാണ്  വിജിലൻസ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഈഗിൾ വാച്ച് എന്ന പേരിൽ മിന്നൽ പരിശോധന നടത്തുന്നത്. 

അധ്യാപക തസ്തിക സ്ഥിരപ്പെടുത്താൻ പണം വാങ്ങുന്നതായുള്ള ആക്ഷേപത്തെ തുടര്‍ന്ന് ഹയർസെക്കന്‍ററി മലപ്പുറം മേഖല ഉപഡയറകടറുടെ ഓഫീസിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപ കണ്ടെത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios