കൊച്ചി: പാലച്ചുവട്ടിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ സംഭവ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. വാഴക്കാല സ്വദേശി അസീസ്,  മരുമകൻ അനീസ്, മകൻ മനാഫ് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. 

മാർച്ച് 9 നാണ് ചക്കരപ്പറമ്പ് സ്വദേശി ജിബിൻ ടി വർഗീസിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയ തൃക്കാക്കര പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിൽ യുവാവിന്‍റെ മരണം സാദാചാരക്കൊലയാണെന്ന് പൊലീസ് കണ്ടെത്തി. അനാശാസ്യം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഈ മര്‍ദ്ദനത്തിനിടെ യുവാവ് കൊല്ലപ്പടുകയായിരുന്നുവെന്നുമാണ് പൊലീസ് നിഗമനം.

കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അപകടമരണമെന്ന് വരുത്തി തീർക്കാൻ ജിബിന്‍റെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. .

മുപ്പത്തിമൂന്നുകാരനായ ജിബിന് പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം മുതൽ ഒരു പെൺകുട്ടിയുമായി പ്രണയമുണ്ടായിരുന്നു. വീട്ടുകാരുടെ എതിർ‌പ്പിനെ തുടർന്ന് ഇവർക്ക് ഒരുമിച്ച് ജീവിക്കാനായില്ല. എന്നാൽ വേറെ വിവാഹം കഴിച്ചിട്ടും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു പോന്നു. യുവതിയുടെ ഭർത്താവ് ​ഗൾഫിലായിരുന്നു. ഈ വിവരം യുവതിയുടെ വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്ന് ജിബിന്‍റെ  കൊലപാതകത്തിലേക്ക് സംഭവം എത്തിച്ചേരുകയായിരുന്നു എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. യുവതിയുമായി ബന്ധമുണ്ടായിരുന്ന ജിബിനെ തെറ്റിദ്ധരിപ്പിച്ചാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 

യുവതിയുടെ സഹോദരൻ മനാഫ്, അലി, കെ. ഇ. ഇസ്ലാം, മുഹമ്മദ് ഫൈസൽ, കെ കെ സിറാജുദ്ദീൻ, കെ ഐ യൂസഫ്, അജാസ്, യുവതിയുടെ പിതാവ് അസീസ്, ഭർത്താവ് അനീസ് എന്നിവരാണ് കേസിലെ പ്രതികൾ. അസീസിന്റെ ബന്ധുവായ ‌അലിയുടെ ഓട്ടോയിലാണ് മൃതദേഹം ഉപേക്ഷിക്കാനായി കൊണ്ടുപോയത്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇത് വ്യക്തമാകുന്നുണ്ട്. ഫൈസലാണ് ഓട്ടോ ഓടിച്ചത്. പിൻസീറ്റിലിരുന്ന സലാമിന്‍റെ മടിയിലായിരുന്നു ജിബിന്‍റെ മൃതദേഹം. നിസാർ, ഷിഹാബ് എന്നിവരാണ് ഓട്ടോയുടെ പിന്നിലായി സ്കൂട്ടറിൽ പിൻതുടർന്നത്.

മൃതദേഹം ഓട്ടോയിൽ കയറ്റിക്കൊണ്ടു പോകുന്നതിന്‍റെയും പോകുന്നതിന്‍റെയും പ്രതികളിൽ രണ്ട് പേർ‌ സ്കൂട്ടറിൽ ഓട്ടോയെ പിന്തുടരുന്നതിന്‍റെയും ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും ലഭിച്ചിരുന്നു. തൃക്കാക്കര അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇരുപതോളം സംഘങ്ങള്‍ രൂപീകരിച്ചാണ് കേസ് അന്വേഷിച്ചത്.