ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിർമാണശാലയിൽ നിന്ന് രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്ന പരാതിയിൽ ദുരൂഹത ഏറെയെന്ന് പൊലീസ്. തൊഴിലാളികളെ ആക്രമിച്ച ശേഷം സ്ഥാപനത്തിലെ താൽകാലിക ജീവനക്കാരനും സംഘവും വിഗ്രഹം കടത്തികൊണ്ടുപോയെന്നാണ് പരാതി. എന്നാൽ ഫൊറൻസിക് സംഘവും വിരളടയാള വിദഗ്ദരും നടത്തിയ പരിശോധനയിൽ മോഷണം നടന്നതിന് വ്യക്തമായ തെളിവുകൾ കിട്ടിയില്ല.

വിഗ്രഹ നിർമാണശാലയിലെ തൊഴിലാളികളും മറ്റൊരു സംഘവുമായി ഇന്നലെ രാത്രിയിൽ ഏറ്റുമുട്ടൽ നടന്നെന്ന് പൊലീസിനും ബോധ്യമായി. എന്നാൽ രണ്ട് കോടിയിലധികം രൂപ വിലവരുന്ന പഞ്ചലോഹവിഗ്രഹം കടത്തിക്കൊണ്ടുപോയെന്ന ഉടമകളുടെ പരാതിയിൽ കൂടുതൽ അന്വേഷണം വേണം. സ്ഥാപനത്തിലെ താൽകാലിക ജീവനക്കാരും സംഘവുമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് ഉടമകൾ പൊലീസിനോട് ആവർത്തിക്കുന്നത്.

സ്ഥാപനത്തിലെ തൊഴിലാളികൾ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, നിർമാണശാലയ്ക്കുള്ളി‌ൽ മോഷണം നടന്നതിന്‍റെ തെളിവുകൾ ഫൊറൻസിക് സംഘത്തിന് ലഭിച്ചില്ല. ലണ്ടനിലെ ഒരു ക്ഷേത്രത്തിൽ, പ്രതിഷ്ഠയ്ക്കായി കൊണ്ടുപോകാൻ വച്ചിരുന്ന വിഗ്രഹം ആണ് മോഷ്ടാക്കൾ കൊണ്ടു പോയതെന്നാണ് ഉടമകളുടെ മൊഴി. 

ഒരു മാസമായി അടഞ്ഞുകിടന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. സിസിടിവി ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല. അങ്ങനെയുള്ള സ്ഥലത്ത് ഇത്രയും വിലപിടിപ്പുള്ള വിഗ്രഹം സൂക്ഷിച്ചിരുന്നു എന്ന് പൊലീസ് പൂ‍ർണ്ണമായി വിശ്വസിക്കുന്നില്ല. സ്ഥാപനത്തിൽ തൊഴിൽ തർക്കം നിലനിന്നിരുന്നു എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. 

കേസിലെ മുഖ്യപ്രതിയായ താൽകാലിക ജീവനക്കാരൻ സംഗീതും ഇയാൾക്കൊപ്പമെത്തിയ സംഘവും ഒളിവിലാണ്. പ്രതികളിൽ ഒരാളെയെങ്കിലും കണ്ടെത്താനായാൽ സംഭവത്തിലെ ദുരൂഹത നീക്കാമെന്നാണ് ചെങ്ങന്നൂർ പൊലീസ് പറയുന്നത്.