Asianet News MalayalamAsianet News Malayalam

അയല്‍വാസിയുടെ ആക്രമണം; പരാതി പറയാനെത്തിയ വീട്ടമ്മയെ സിഐ അസഭ്യം പറഞ്ഞ് സ്റ്റേഷനില്‍ നിന്ന് ഇറക്കിവിട്ടു

ഷീലയുടേത് കള്ളക്കേസാണെന്ന് ആരോപിച്ചായിരുന്നു  സിഐ അസഭ്യ വാക്കുകൾ പറയുകയും ആട്ടിയിറക്കുകയും ചെയ്തത്. 

parasala police circle inspector insult woman
Author
Thiruvananthapuram, First Published Sep 19, 2020, 11:05 PM IST

തിരുവനന്തപുരം: അയൽവാസിയുടെ ആക്രമണത്തെ കുറിച്ച് പരാതി പറയാൻ എത്തിയ വീട്ടമ്മയെ സർക്കിൾ ഇൻസ്പെക്ടർ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടു. ചെങ്കൽ സ്വദേശി ഷീലയെ ആണ്  പാറശാല സി ഐ റോബർട്ട് ജോണ്‍ അസഭ്യം പറഞ്ഞത്. സംഭവത്തില്‍ ഷീല പാറശ്ശാല  സിഐക്കെതിരെ ഡിവൈഎസ്പിക്ക് പരാതി നൽകി.

അയൽവാസിയായ വിനീതിന്റെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ചെങ്കൽ സ്വദേശി ഷീല പരാതിയുമായി പാറശാല പൊലീസിനെ സമീപിച്ചത്. മക്കളുമൊത്താണ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയത്. കേസെടുത്ത പൊലീസ് മൂന്ന് ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാൻ നിർദേശിച്ചു. വീണ്ടും സ്റ്റേഷനിലെത്തിയപ്പോഴാണ് പൊലീസിന്റെ മോശം പ്രതികരണം. 

ഷീലയുടേത് കള്ളക്കേസാണെന്ന് ആരോപിച്ചായിരുന്നു  സിഐ അസഭ്യ വാക്കുകൾ പറയുകയും ആട്ടിയിറക്കുകയും ചെയ്തത്. തുടർന്നാണ് ഷീല  നെയ്യാറ്റിൻകര ഡി.വൈഎസ്.പിക്ക് പരാതി നൽകിയത്. കഴിഞ്ഞ വർഷവും അയൽവാസിയായ വിനീത് ഷീലയെ ആക്രമിച്ചിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന വിനീത് ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും ഇവരെ ആക്രമിക്കുകയായിരുന്നു. 

പ്രതിയായ വിനീതിനെ അറസ്റ്റ് ചെയ്യണമെന്നും പാറശാല സി ഐക്കെതിരെ നടപടി എടുക്കണമെന്നുമാണ് നെയ്യാറ്റിൻകര ഡിവൈഎസ്പി ക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.  വീട്ടമ്മയെ അസഭ്യം പറഞ്ഞതായുള്ള പരാതിയെ കുറിച്ച്  അറിയില്ലെന്നാണ് പാറശാല സർക്കിൾ ഇൻസ്പക്ടർ റോബർട്ട് ജോണിന്റെ പ്രതികരണം. ഷീലയെ ആക്രമിച്ച കേസിലെ പ്രതിയെ ഉടൻ പിടികൂടുമെന്നും സി ഐ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios