മുംബൈ: രോഗിയുടെ അപ്രതീക്ഷിതമായ ആക്രമണത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും മർദ്ദനമേറ്റു. മുംബൈയിലെ കാണ്ടിവാലി ശതാബ്ദി ആശുപത്രിയിൽ ഇന്ന് രാവിലെ ആറ് മണിക്കാണ് സംഭവം. ഇതേ തുടർന്ന് നാല് മണിക്കൂറോളം ആശുപത്രിയിൽ ഒപി വിഭാഗവും അത്യാഹിത വിഭാഗവും പ്രവർത്തിച്ചില്ല. 

പൊലീസ് ആശുപത്രിയിലെത്തിച്ച മദ്യപിച്ച യുവതിയാണ് ആക്രമിച്ചതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ഹിമാനി ശർമ്മയെന്നാണ് ഇവരുടെ പേര്. ബങ്കുർ നഗർ പൊലീസ് സ്റ്റേഷനിൽ നിന്നാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. എന്തായിരുന്നു ഇവരുടെ രോഗമെന്ന കാര്യം വ്യക്തമല്ല.

ഇവരെ മെഡിക്കൽ ചെക്കപ്പിന് വേണ്ടിയാണ് എത്തിച്ചത്. എന്നാൽ പരിശോധിക്കേണ്ട ഡോക്ടർ ശുചിമുറിയിൽ പോയതിനാൽ ചികിത്സ ലഭ്യമായില്ല. ഇതിൽ കുപിതയായ യുവതി മുറിയിലുണ്ടായിരുന്ന നഴ്സുമാരെയും മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.