പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലായി. മണ്ണാര്‍ക്കാട് കാരക്കുറിശ്ശി സ്വദേശി ഷാജിയാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.

2014 ജനുവരിയിലാണ് ഷാജി പതിനഞ്ചുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മദ്യം നല്‍കിയായിരുന്നു പീഡനം. പീഡിപ്പിച്ചതിന്‍റെ ദൃശ്യങ്ങള്‍ ഷാജി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പല തവണകളായി പെൺകുട്ടിയെ ലോഡ്ജുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. 

പെൺകുട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് പാലക്കാട് ചൈല്‍ഡ് ലൈൻ ഇടപെട്ടതോടെയാണ് പീഡന വിവരം വീട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ ഷാജി മുങ്ങി. പിന്നീട് കേസ് റദ്ദാക്കണമെന്നാവശ്യപെട്ട് ഹൈക്കോടതിയേയും പ്രതി സമീപിച്ചു. അപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.