കൊല്ലം: തഴവയിൽ പൊലീസ് ഔട്ട്പോസ്റ്റ് കത്തിച്ചത് വാഹന പരിശോധന നടത്തുന്നതിലുള്ള വിരോധം കൊണ്ടെന്ന് പ്രതികളുടെ മൊഴി. ഒരു വര്‍ഷം മുന്‍പ് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരം പൊലീസിന് കിട്ടിയത്. കൊല്ലം ജില്ലാ ജയിലിലെ തടവുകാരിൽ നിന്നാണ് പൊലീസിന് പ്രതികളെ കുറിച്ച് വിവരം കിട്ടിയത്.

ഇരുചക്രവാഹനങ്ങളില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച ശേഷം വണ്ടിയും ഹെല്‍മറ്റുകളും കത്തിക്കുകയായിരുന്നു. ഒരു വര്‍ഷമായിട്ടും പ്രതികളെ പിടികൂടാനായിരുന്നില്ല. ഈ ഘട്ടത്തിലാണ് കരുനാഗപ്പള്ളി സ്വദേശികളായ ദിനു, ശ്രീജിത്ത് എന്നിവരാണ് എയ്ഡ് പോസ്റ്റ് കത്തിച്ചതെന്ന സൂചന കൊല്ലം ജില്ലാ ജയിലിലെ ചില പ്രതികളിൽ നിന്ന് പൊലീസിന് കിട്ടിയത്. 

മോഷണ കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് ഇരുവരും സഹതടവുകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.തുടർന്നായിരുന്നു അറസ്റ്റ്.തുടർ ചോദ്യം ചെയ്യലിലാണ് എയ്ഡ് പോസ്റ്റ് കത്തിച്ചതിന്‍റെ കാരണം പ്രതികൾ വെളിപ്പെടുത്തിയത്.നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ പോയതിന് പിഴ ഈടാക്കിയതിലുള്ള വൈരാഗ്യമാണ് ഔട്ട് പോസ്റ്റ് ആക്രമിക്കാന്‍ പ്രേരണയായതെന്നാണ് മൊഴി. പ്രതികൾ റിമാൻഡിലാണ്.