സൂബീറയുടെ മൊബൈൽ ഫോൺ  സമീപത്തെ കുഴൽക്കിണറിലിട്ടെന്നാണ്  പ്രതി അൻവര്‍  പോലീസിന് നൽകിയ മൊഴി

മലപ്പുറം: വളാഞ്ചേരി സുബീറ ഫർഹത്ത് വധക്കേസിൽ തെളിവെടുപ്പ് തുടരുന്നു. സുബീറയുടെ ഹാൻഡ് ബാഗും പ്രതി ഉപേക്ഷിച്ച വസ്ത്രവും പ്രദേശത്ത് നിന്ന് കണ്ടെത്തി. രണ്ടാം ദിവസവും പ്രതിയെ കൊലപാതക സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ഏതാണ്ട് 300 മീറ്റര്‍ മാറിയാണ് പെൺകുട്ടിയുടെ ഹാൻഡ്ബാഗ് കണ്ടെത്തിയത്. മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ബാഗ്. 

സൂബീറയുടെ മൊബൈൽ ഫോൺ സമീപത്തെ കുഴൽക്കിണറിലിട്ടെന്നാണ് പ്രതി അൻവര്‍ പോലീസിന് നൽകിയ മൊഴി. 500 അടിയോളം താഴ്ചയുള്ള കുഴൽക്കിണറിൽ മൊബൈൽ ഫോൺ ഇട്ടതിനു ശേഷം കല്ലുകൾ കൂടി ഇട്ടെന്നും അൻവര്‍ പൊലീസിനോട് പറഞ്ഞു. മൊബൈൽ ഫോൺ കണ്ടെടുക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്. കൃത്യം നടത്തിയതിന് ശേഷം പ്രതി ഉപേക്ഷിച്ച വസ്ത്രവും വീടിന്‍റെ പരിസരത്ത് നിന്ന് കണ്ടെടുത്തു.

കേസിലെ നിർണായക തെളിവായ പെൺകുട്ടിയുടെ സ്വർണ്ണാഭരണങ്ങളും ഇനി കണ്ടെടുക്കാനുണ്ട്. മൂന്ന് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുള്ളത്. അതിനിടയില്‍ തന്നെ കേസില്‍ പരമാവധി വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കാനാണ് പൊലീസ് നീക്കം.