തൃശൂര്‍:  തൃശ്ശൂരിൽ നായ്ക്കളുമായി എത്തി ബാർ അടിച്ചു തകർത്ത അക്രമികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം. പഴയന്നൂർ രാജ് ബാറിൽ വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അക്രമികളെയാണ് പൊലീസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് തൃശൂർ സ്വദേശിയായ വൈശാഖും സുഹൃത്തും മദ്യപിക്കാനെതിയത്.

പണം നൽകാത്തതിനെതുടർന്ന് ബാർ ജീവനക്കാർ ഇവരുടെ മൊബൈൽ ഫോണുകൾ പിടിച്ചു വെച്ചു. പുറത്തു പോയ യുവാക്കൾ നാല് ജർമ്മൻ ഷെപ്പേർഡ് നായ്കളുമായെത്തി ബാർ ആക്രമിക്കുകയായിരുന്നു. നായ്ക്കളും വടിവാളുമായി എത്തിയ സംഘത്തെ കണ്ടതോടെ ജീവനക്കാരും നാട്ടുകാരും ഭയന്നോടി.

യുവാക്കൾ ബാറിന്റെ ചില്ലുകൾ അടിച്ചു തകര്‍ക്കുകയും കംപ്യൂട്ടറുകൾ എറിഞ്ഞുടയ്ക്കുകയും ചെയ്തു. യുവാക്കൾ നായ്ക്കളെ പരിശീലിപ്പിക്കുന്നവരാണെന്നാണ് വിവരം. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പഴയന്നൂർ എസ്ഐ ബാബു അറിയിച്ചു.