ദേവാസ്: സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് പൊതുനിരത്തില്‍ ശിക്ഷയുമായി മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശിലെ ദേവാസില്‍ ശനിയാഴ്ചയാണ് സ്ത്രീകളെ ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ക്ക് നിരത്തില്‍ വച്ച് തന്നെ ശിക്ഷ നല്‍കിയത്. നിരവധി ആളുകളും വാഹനങ്ങളും പോവുന്ന റോഡിലൂടെ ഏത്തമിടീപ്പിച്ചത്. സ്ക്വാട്ട് ചെയ്യുന്ന യുവാക്കളെ പൊലീസ്  ലാത്തികൊണ്ട് അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ എഎന്‍ഐയാണ് പുറത്ത് വിട്ടത്. 

വനിതാ പൊലീസുകാരടക്കമുള്ള സംഘമാണ് പൊതുജന മധ്യത്തില്‍ ശിക്ഷ നല്‍കിയത്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ വാര്‍ഷിക കണക്ക് അനുസരിച്ച് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളില്‍ 2018 നെ അപേക്ഷിച്ച്  7.3 ശതമാനമാണ് കൂടിയത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമവും 7.3 ശതമാനം കൂടിയിട്ടുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആറാം സ്ഥാനത്താണ് മധ്യപ്രദേശുള്ളത്.