മുംബൈ: ഉദ്യോഗസ്ഥര്‍ ശമ്പളം തടഞ്ഞുവെച്ചതില്‍ മനംനൊന്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. എഎസ്ഐയായ രാംസിംഗ് ഗുലാബ് സിംഗ് ചവാനാണ് ആത്മഹത്യ ചെയ്തത്. രണ്ട് മാസമായി ശമ്പളം തടഞ്ഞുവെച്ചതിനാല്‍ പൂനെയില്‍ പഠിക്കുന്ന തന്‍റെ മകന് പണം അയക്കാന്‍ രാംസിംഗിന് കഴിഞ്ഞിരുന്നില്ല. ഇതാണ് കടുത്ത നടപടിയെടുക്കാന്‍ രാംസിംഗിനെ പ്രേരിപ്പിച്ചത്.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ തനിക്കായുള്ള കര്‍മ്മങ്ങള്‍ ചെയ്യരുതെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. 2014 ല്‍ ഡ്യൂട്ടിക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് 2018 ലാണ് രാംസിംഗ് വീണ്ടും ജോലിയില്‍ പ്രവേശിച്ചത്. ചികിത്സക്കിടെ രാംസിംഗിന് വിശ്രമം ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയെങ്കിലും  അദ്ദേഹത്തിന് ശമ്പളം നല്‍കിയിരുന്നില്ലെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.