തൃപ്പുണിത്തുറ: പൊലീസുകാരന്‍റെ ഭാര്യയും രണ്ടുവയസുകാരി മകളും ആറ്റില്‍ മരിച്ച നിലയില്‍. തൃപ്പൂണിത്തുറ എആർ ക്യാംപിലെ പൊലീസുകാരൻ  വടയാര്‍ സ്വദേശി അഭിജിത്തിന്റെ ഭാര്യ ദീപയെയും മകള്‍ ദക്ഷയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദീപയ്ക്ക് മുപ്പത് വയസായിരുന്നു.  വടയാർ ഇളങ്കാവ് ക്ഷേത്രത്തിനു സമീപം സ്വകാര്യ വ്യക്തിയുടെ കുളിക്കടവിൽ അടിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അമ്മയുടെ ദേഹത്തോടു ചേർത്ത് കുഞ്ഞിനെ  ഷാൾ ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. ഭര്‍ത്താവിന്‍റെ വീട്ടിലാണ് ദീപയും കുഞ്ഞും താമസിച്ചിരുന്നത്.

സംഭവം സംബന്ധിച്ച് അഭിജിത്തിന്‍റെ വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞത് ഇതാണ്. വ്യാഴാഴ്ച രാത്രി അഭിജിത്തും ഭാര്യയും തമ്മില്‍ വഴക്കിട്ടിരുന്നു. രാത്രി 10 മണിക്ക് അഭിജിത്ത് ഡ്യൂട്ടിക്കായി ക്യാമ്പിലേക്ക് മടങ്ങി. പുലര്‍ച്ചെ 3 മണിക്ക് ദീപയുടെ മുറിയില്‍ വെളിച്ചം കണ്ടു.  ഉറങ്ങാതെ ഇരുന്ന ദീപയോട് ഉറങ്ങാൻ പറഞ്ഞ ശേഷം വീണ്ടും കിടന്നു.രാവിലെ  ഉണർന്നപ്പോൾ വീടിന്റെ കതകു തുറന്നു കിടക്കുന്നതു കണ്ട് നോക്കിയപ്പോൾ ദീപയെയും കുഞ്ഞിനെയും കണ്ടില്ല. ചുറ്റുമുള്ള വീടുകളില്‍ അന്വേഷിച്ച് പിന്നീട് പൊലീസിന് പരാതി നല്‍കി.

പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും വിവരം ഒന്നും ലഭിച്ചില്ല.  പിന്നീട് ശനിയാഴ്ചയാണ്  മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സിഐ ക്ലീറ്റസ് കെ. ജോസഫിന്റെ നേതൃത്വത്തിൽ  അഭിജിത്തിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. 

ഇടവട്ടം രണ്ടു കണ്ടത്തിൽ ശിവദാസന്റെയും രമണിയുടെയും മൂന്നു പെൺമക്കളിൽ ഇളയ ഇരട്ടകളിൽ ഒരാളാണ് ദീപ.  സംഭവത്തിലെ ദുരൂഹത അകറ്റുന്നതിനു സമഗ്ര അന്വേഷണം നടത്തണം എന്ന് ദീപയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.