ചെന്നൈ: വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രണയക്കുരുക്കിലാക്കി അന്പതിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തില്‍ പതിനഞ്ച് പേര്‍ ഉള്ളതായി പൊലീസ്. ക്രൈംബ്രാഞ്ച് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപിച്ചു. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.

സമാനതകളില്ലാത്ത സൈബര്‍ ആസൂത്രിത പീഡനത്തിന്‍റെ ഞെട്ടല്‍ തമിഴ്നാട്ടില്‍ നിന്ന് വിട്ട് അകന്നട്ടില്ല. വെറുതെ വിടണമെന്ന് പ്രതികളോട് കേണ് അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ചെന്നൈയില്‍ ഉള്‍പ്പടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്. 

കേസ് സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടരുന്നു. ഏഴ് വര്‍ഷത്തോളം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി പീഡിപ്പിച്ച നാല് പ്രതികളും കൊയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലാണ്. ഇവര്‍ക്കതെിരെ ലൈംഗിക അതിക്രമം, മോഷണം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ഗുണ്ടാ ആക്ടും ചുമത്തിയിട്ടുണ്ട്.

തമിഴ്നാട്ടിലും കര്‍ണാടകയിലും കേന്ദ്രീകരിച്ച് പതിനഞ്ച് പേര്‍ സംഘത്തിന്‍റെ ഭാഗമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ക്കായി സിബിസിഐഡി സ്ക്വാഡ് ബംഗളൂരുവിലേക്ക് തിരിച്ചു. അമ്പതോളം സ്ത്രീകളുടെ ദൃശ്യങ്ങളാണ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. പൊലീസ് തിരച്ചില്‍ തുടങ്ങിയതിന് പിന്നാലെ അന്വേഷണത്തിന് സഹായമായേക്കാവുന്ന വീഡിയോകള്‍ പ്രതികള്‍ നശിപ്പിച്ചോ എന്ന് സംശയിക്കുന്നുണ്ട്.

പരാതി നല്‍കിയ പൊള്ളാച്ചി സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെ അണ്ണാഡിഎംകെ യുവജനവിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തയും ചെയ്തിരുന്നു. ഇയാളെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകരും ഹാജരാകില്ലെന്ന് തമിഴ്നാട് അഭിഭാഷക സംഘടന വ്യക്തമാക്കി. പെണ്‍കുട്ടികളുടെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ദില്ലിയിലെ നിര്‍ഭയ സംഭവത്തിന് സമാനമായ ഗൗരവമേറിയതാണ് പൊള്ളാച്ചി കേസ് എന്ന് മദ്രാസ് ഹൈക്കോടതി പരാമര്‍ശിച്ചു.