കാസർകോട്: ചെറുവത്തൂരിൽ അച്ഛൻ രണ്ട് മക്കളെ കൊന്നത് കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഓട്ടോഡ്രൈവറായ രൂഗേഷാണ് പത്തുവയസുകാരി വൈദേഹിയേയും ആറുവയസുകാരൻ ശിവനന്ദിനേയും കൊലപ്പെടുത്തിയ ശേഷം തുങ്ങിമരിച്ചത്. ഭാര്യയോടുള്ള അകൽച്ചയും കുടുംബകലഹവുമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.

കുട്ടികളുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതിങ്ങനെ. ശ്വാസം മുട്ടിയാണ് കുട്ടികളുടെ മരണം. കഴുത്തിൽ കയർ മുറുക്കിയതിന്‍റെ പാടുകളുണ്ട്. മറ്റ് പരിക്കുകളില്ല. പരിയാരം മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം.ചെറുവത്തൂർ മടിക്കുന്നിൽ ചൊവ്വാഴ്ച്ച വൈകിട്ടായിരുന്നു നാട് നടുങ്ങിയ സംഭവം. 

കുട്ടികളുടെ മൃതദേഹങ്ങൾ വീടിനകത്ത് തറയിലും രൂഗേഷിന്‍റേത് പുറത്ത് ടെറസിൽ നിന്ന് തൂങ്ങിയ നിലയിലുമായിരുന്നു. ഭാര്യയുമായി ഒരു വർഷത്തോളമായി അകന്നുകഴിയുന്ന രൂഗേഷ് ഒരാഴ്ച മുമ്പാണ് ഭാര്യവീട്ടിൽ നിന്ന് കുട്ടികളെ സ്വന്ത വീട്ടിലേക്ക് കൂ ട്ടിക്കൊണ്ടുവന്നത്. ചൊവ്വാഴ്ച വൈകിട്ട് മക്കളിലൊരാളുടെ ജന്മദിനം ആഘോഷിച്ച ശേഷം നിർമ്മാണത്തിലിരിക്കുന്ന വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമായിരുന്നു ക്രൂരകൃത്യം. 

സംശയരോഗിയായിരുന്ന രൂഗേഷ് സ്ഥിരം മദ്യപാനായിയാരിന്നെന്ന് പൊലീസ്. മക്കളെ കൊന്ന ശേഷം ജീവനൊടുക്കുമെന്ന് നേരത്തെ നിരന്തരം പറഞ്ഞിരുന്നതായി സുഹൃത്തുക്കൾ മൊഴി നൽകി. ഭാര്യയുടെ മൊഴിയെടുത്തിട്ടില്ല. കുട്ടികളുടെ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് പറഞ്ഞു.