മലപ്പുറം: തിരൂരില്‍ ഗര്‍ഭിണിയേയും മകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വീടിനു സമീപമുള്ള കിറണറ്റിലാണ് അമ്മയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുല്ലൂര്‍ വൈരങ്കോട് വാടക വീട്ടില്‍ താമസിക്കുന്ന റാഷിദിന്‍റെ ഭാര്യ തസ്‌നി മുപ്പത് വയസ്, മകള്‍ റിഹാന ഫാത്തിമ നാല് വയസ് എന്നിവരാണ് മരിച്ചത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു തസ്നി. ഉച്ചക്കു ശേഷം മൂന്ന് മണിയോടെയാണ് ഇരുവരുടേയും മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്. 

നാട്ടുകാരും തിരൂരില്‍ നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത് ഇരുമ്പ് മറ ഉള്ളതാണ് കിണര്‍. ഇതു തുറന്നുവെച്ച നിലയിലായിരുന്നു. തിരൂര്‍ അന്നാര സ്വദേശിയായ റാഷിദ് കുടുംബത്തോടെ രണ്ട് വര്‍ഷത്തോളമായി പുല്ലൂരില്‍ വാടകക്ക് താമസിക്കുകയാണ്.

തിരൂരിലെ പച്ചക്കറി കടയില്‍ വില്‍പ്പനക്കാരനായി ജോലി ചെയ്യുകയാണ് റാഷിദ്. ഉച്ചക്ക് റാഷിദ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് പോയതിനു ശേഷം ഭാര്യ തസ്ന കുട്ടിയേയും എടുത്ത് കിണിറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. 

നേരത്തെ ഒരു തവണ തസ്നി ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.