Asianet News MalayalamAsianet News Malayalam

ഗർഭിണിയായ യുവതിയെ ആക്രമിച്ച് രണ്ട് വിദ്യാർത്ഥികൾ, ഗർഭം അലസി, യുവതി ആശുപത്രിയിൽ

ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അധികൃതർ യുവതിയുടെ ബന്ധുക്കളോട് വിശദമാക്കുകയായിരുന്നു

Pregnant woman loses baby after being assaulted by schoolboys
Author
First Published Sep 4, 2024, 8:02 AM IST | Last Updated Sep 4, 2024, 8:02 AM IST

ഹഡിംഗ്ടൺ: ബസ് സ്റ്റോപ്പിൽ വച്ച് സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ യുവതിയുടെ ഗർഭം അലസിപ്പോയി. ബ്രിട്ടനിലെ ഹഡിംഗ്ടണിലുള്ള  ഈസ്റ്റ് ലോത്തിയനിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ടാണ് ഗർഭിണിയായ യുവതിയെ സ്കൂൾ വിദ്യാർത്ഥികൾ ആക്രമിച്ചത്. ബസ് കാത്ത് നിൽക്കുന്നതിനിടെ ഗർഭിണിയായ യുവതിയെ തള്ളിയിട്ട ശേഷം വിദ്യാർത്ഥികൾ ഓടിപ്പോവുകയായിരുന്നുവെന്നാണ് പരാതി. ഈസ്റ്റ് ലോത്തിയനിലെ ഹൈ സ്ട്രീറ്റിലായിരുന്നു ഗർഭിണിയായ യുവതിക്ക് ദുരനുഭവമുണ്ടായത്. 

രക്തസ്രാവമുണ്ടായതിന് പിന്നാലെ എഡിൻബർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അധികൃതർ യുവതിയുടെ ബന്ധുക്കളോട് വിശദമാക്കുകയായിരുന്നു. യുവതിയ ആക്രമിച്ച വിദ്യാർത്ഥികളെ കണ്ടെത്താൻ സഹായം തേടി യുവതിയുടെ ഭർത്താവ് സമൂഹമാധ്യമങ്ങളിൽ സഹായം തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ടില്ലെന്നും അവർ വളരെ അധികം ദുഖിതയാണെന്നുമാണ് ഭർത്താവ് സമൂഹമാധ്യമങ്ങളിൽ വിശദമാക്കുന്നത്. നിങ്ങൾക്ക് കുട്ടികളുണ്ടെങ്കിൽ ഇക്കാര്യം അവരുമായി സംസാരിക്കണമെന്ന ആവശ്യത്തോടെയാണ് യുവാവ് ഭാര്യയ്ക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ വ്യക്തമാക്കിയിരിക്കുന്നത്. 

സ്കൂൾ യൂണിഫോം ധരിച്ചെത്തിയ രണ്ട് വിദ്യാർത്ഥികളാണ് യുവതിയെ ആക്രമിച്ചത്. ബസ് സ്റ്റോപ്പിലെ സീറ്റിൽ ഇരിക്കാമെന്ന് യുവതി പറഞ്ഞതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥികളുടെ അപ്രതീക്ഷിത ആക്രമണം.  വിദ്യാർത്ഥികൾ തള്ളിയിട്ടതിന് പിന്നാലെ താൻ ഗർഭിണിയാണെന്ന് യുവതി പറഞ്ഞതോടെ വിദ്യാർത്ഥികൾ സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസ് അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios