കൊച്ചിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധം
കൊച്ചിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധം. കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർമാരാണ് ഭരണ നേതൃത്വത്തിനെതിരെ വ്യത്യസ്ത സമരം സംഘടിപ്പിച്ചത്

എറണാകുളം: കൊച്ചിയിലെ തകർന്ന റോഡുകൾ നന്നാക്കാത്തതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധം. കൊച്ചി കോർപ്പറേഷനിലെ യുഡിഎഫ് കൗൺസിലർമാരാണ് ഭരണ നേതൃത്വത്തിനെതിരെ വ്യത്യസ്ത സമരം സംഘടിപ്പിച്ചത്. കൊച്ചി നഗരത്തിലെ നിരവധി റോഡുകളും ഇടറോഡുകളും തകർന്ന് കിടക്കുകയാണ്. ഇതിൽ ചില റോഡുകളിൽ പാച്ച് വർക്ക് നടത്തിയെങ്കിലും വീണ്ടും തകർന്നു.
ഇതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം. 15 ദിവസം മുന്പ് അറ്റകുറ്റപണി നടത്തിയ ജിസിഡിഎയ്ക്ക് മുന്നിലുള്ള റോഡ് തകർന്നത് അഴിമതിയാണെന്ന് യുഡിഎഫ് ആരോപിച്ചു. കടവന്ത്ര ഇന്ദിരഗാന്ധി ആശുപത്രിയ്ക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
ആരോപണം കൊച്ചി മേയർ നിഷേധിച്ചു. രണ്ടാഴ്ചക്കുള്ളിൽ കൊച്ചി കോർപ്പറേഷനിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള നാടകമാണ് പ്രതിഷേധമെന്ന നിലപാടിലാണ് ഭരണപക്ഷം. തകർന്ന നിരവധി റോഡുകൾ അടുത്തിടെ നന്നാക്കിയെന്നും മേയർ അവകാശപ്പെട്ടു. എന്നാൽ ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്ന റോഡുകളും പണിതതിന് പിന്നാലെ തകരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. റോഡുകൾ ഉടൻ ഗതാഗതയോഗ്യമാക്കിയെല്ലെങ്കിൽ സമരം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.