കശ്മീര്‍: പഞ്ചാബില്‍നിന്നുള്ള ആപ്പിള്‍ വില്‍പനക്കാരന്‍ കശ്മീരിലെ ഷോപ്പിയാനില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മറ്റൊരു കച്ചവടക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. ചരണ്‍ജിത് സിംഗ് എന്നയാളാണ് ബുധനാഴ്ച രാത്രി ഏഴരയോടെ വെടിയേറ്റ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഞ്ജീവ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ പുല്‍വാമയിലെ ജില്ലാ ആശുപത്രിയില്‍നിന്ന് ശ്രീനഗറിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

രണ്ട് ദിവസം മുമ്പ് രാജസ്ഥാന്‍ ട്രക്ക് ഡ്രൈവറെ രണ്ട് തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാള്‍ പാക് തീവ്രവാദിയാണെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇഷ്ടിക ചൂളയിലെ തൊഴിലാളിയായ സേതി കുമാര്‍ എന്നയാളെയും അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. പുറത്തുനിന്നുള്ള വ്യാപാരികളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഡിജിപി ദിര്‍ഭാഗ് സിംഗ് വ്യക്തമാക്കി.

അനന്ത്നാഗില്‍ കഴിഞ്ഞ ദിവസമുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 14 പേര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ ഫോണ്‍ ബന്ധം പുനസ്ഥാപിച്ചത്. രണ്ട് മാസത്തെ നിരോധനത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ബന്ധം പുനസ്ഥാപിച്ചത്. കടുത്ത സൈനിക നിയന്ത്രണങ്ങള്‍ക്കിടയിലും തുടരെ തുടരെ ആക്രമണങ്ങളുണ്ടാകുന്നത് മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.