Asianet News MalayalamAsianet News Malayalam

പുതുപ്പെരിയാരം കൊല; വെട്ടിയ ശേഷം വായിൽ കീടനാശിനിയൊഴിച്ചു, മൃതദേഹത്തിനടുത്തിരുന്ന് സനൽ ആപ്പിൾ കഴിച്ചു

ഇരുവരും പിടയുമ്പോള്‍  സനൽ  മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു. കൊല നടത്തിയ ശേഷം ഇയാള്‍ രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ കിടന്ന മുറിയില്‍ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും മൊഴിയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

puthupperiyaram murder postmortem repot says it is a brutal murder
Author
Palakkad, First Published Jan 11, 2022, 9:20 PM IST

പാലക്കാട്: പുതുപ്പെരിയാരത്തെ ദമ്പതികളുടേത് അരുംകൊലയെന്ന് (Puthupperiyaram Murder)  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊല നടന്ന ദിവസം രാവിലെ അമ്മ ദേവി വെള്ളം ചോദിച്ചതിനെ തുടര്‍ന്ന് സനലുമായി തര്‍ക്കമുണ്ടായി. അടുക്കളയില്‍ നിന്ന് കൊണ്ടുവന്ന അരിവാളും കൊടുവാളും ഉപയോഗിച്ച് സനൽ അമ്മയെ വെട്ടിവീഴ്ത്തി. കൈകളിലും കഴുത്തിലും തലയിലും കവിളിലും വെട്ടിയെന്നും പൊലീസ് പറയുന്നു. 

ദേവിയുടെ ശരീരത്തില്‍ 33 വെട്ടുകള്‍ എന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. നടുവിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ ചന്ദ്രൻ നിലവിളിച്ചതിനെ തുടര്‍ന്ന് സനൽ ഇദ്ദേഹത്തെയും വെട്ടി. ചന്ദ്രന്‍റെ ശരീരത്തില്‍ 26 വെട്ടുകളേറ്റു. ഇരുവരും പിടയുമ്പോള്‍  സനൽ  മുറിവുകളിലും വായിലും കീടനാശിനി ഒഴിച്ചു. കൊല നടത്തിയ ശേഷം ഇയാള്‍ രക്തം കഴുകിക്കളഞ്ഞത് അച്ഛന്‍ കിടന്ന മുറിയില്‍ വച്ചാണ്. ഇതിന് ശേഷം അമ്മയുടെ മൃതദേഹത്തിനടുത്തിരുന്ന് ആപ്പിള്‍ കഴിച്ചുവെന്നും മൊഴിയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ചോദ്യം ചെയ്യല്‍ ഘട്ടത്തില്‍ സനൽ പ്രതികരിച്ചത് കുറ്റബോധമില്ലാതെയാണ്. ബംഗളൂരുവില്‍ നിന്ന് ഇയാളെ നാട്ടിലെത്തിച്ചത് തന്ത്രപരമായി തെറ്റിദ്ധരിപ്പിച്ചാണ്. സനൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചോയെന്ന് പരിശോധിയ്ക്കും. ഇതിനായി ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൊഴിയെടുക്കും. 

കൊലപാതകത്തിന് ശേഷം മൈസൂരിലേക്ക് കടന്ന പ്രതിയെ  സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ സനലിനെ നാട്ടുകാരുടെ സഹായത്താലാണ് പൊലീസ് പിടികൂടിയത്. പുതുപ്പരിയാരത്തെ ചന്ദ്രന്‍, ദേവി ദമ്പതികളെ കൊലപ്പെടുത്തിയശേഷം മകന്‍ സനല്‍ ബംഗളൂരുവിലേക്കും അവിടെ നിന്ന് മൈസൂരിലേക്കുമാണ് കടന്നത്. രാത്രി പത്തുമണിയോടെ രണ്ടാമത്തെ സഹോദരന് സനലിനെ ഫോണില്‍ കിട്ടി. വീട്ടില്‍ കള്ളന്‍ കയറിയെന്നും മാതാപിതാക്കള്‍ കൊല്ലപ്പെട്ടെന്നും പറഞ്ഞു. സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ നാട്ടിലെത്തണമെന്ന് സനലിനോട് ആവശ്യപ്പെട്ടു. രാവിലെ ഏഴരയോടെയാണ് സനല്‍ പുതുപ്പരിയാരത്തെ വീട്ടിലെത്തിയത്.

തിരികെ പോകാന്‍ തുടങ്ങിയ സനലിനെ പൊലീസ് നിര്‍ദ്ദേശ പ്രകാരം നാട്ടുകാരും പിന്തുടര്‍ന്നു. പൊലീസെത്തുമ്പോള്‍ തൊട്ടടുത്ത ബസ് സ്റ്റോപ്പിലെത്തിയിരുന്നു പ്രതി. ചെറുത്തുനില്‍പ്പില്ലാതെ ജീപ്പിലേക്ക് കയറിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസിലേക്കാണ് സനലിനെ കൊണ്ടുപോയത്. വിശദമായ ചോദ്യം ചെയ്യലിലേ കൊലപാതക കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. സനൽ കൃത്യം നടന്നതിന് ശേഷമാണ് നാടുവിട്ടത്. നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്.

കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന സംശയം പൊലീസിൽ ബലപ്പെടുത്തിയിട്ടുണ്ട്. എറണാകുളത്തുള്ള മകൾ സൗമിനി ഇന്നലെ രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്‍റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്. 


 

Follow Us:
Download App:
  • android
  • ios