തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ നാടോടി ബാലികയെ പീഡിപ്പിച്ചയാൾക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു. ഇന്നലെ രാത്രി റോഡരികിൽ വച്ചാണ് ഉദയൻകുളങ്ങര സ്വദേശിയായ അനു പെൺകുട്ടിയെ ഉപദ്രവിച്ചത്. 

രാജസ്ഥാനിൽ നിന്നുള്ള നാടോടി സംഘത്തിലുള്ള പതിനഞ്ച് വയസ്സുകാരിയാണ് പീഡനത്തിനിരയായത്. വഴിയരികിൽ മൺചട്ടി വിൽക്കുന്ന പെൺകുട്ടിയുടെ അരികിലേക്ക്  സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ്  പ്രതി അനു എത്തിയത്. പെൺകുട്ടിയെ കടന്നുപിടിച്ച ഇയാൾ നാടോടി സംഘം താമസിക്കുന്ന ടെന്‍റിന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. പെൺകുട്ടിയുടെ നിലവിളി കേട്ടാണ് ബന്ധുക്കളും നാട്ടുകാരും എത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനുവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 

''ആദ്യം അയാള് ബൈക്ക് നിർത്തി. പിന്നീട് ബൈക്കെടുത്ത് പല തവണ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ച് പോയി. അതിന് ശേഷമാണ് അയാൾ ഇങ്ങോട്ട് വന്നത്'', എന്ന് പെൺകുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഒരാഴ്ച മുമ്പാണ് നാടോടി സംഘം നെയ്യാറ്റിൻകരയിൽ തമ്പടിച്ചത്. പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള പന്ത്രണ്ടംഗ സംഘം റോഡരികിൽ തന്നെയാണ് കച്ചവടവും താമസവും. സ്ഥിരമായി പൊലീസ് പട്രോളിംഗ് നടക്കുന്ന മേഖലയാണിതെങ്കിലും നാടോടി ബാലികയ്ക്കുണ്ടായ ദുരനുഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രദേശത്ത് പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിലാണ് പെൺകുട്ടിയിപ്പോൾ.