യുവതിക്ക് 80 ശതമാനം പൊള്ളലേറ്റതായാണ് വിവരം ബിഹാറിലെ മുസഫർപൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്

പാറ്റ്ന: പീഡന ശ്രമം പരാജയപ്പെട്ടപ്പോൾ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം. ബീഹാറിലാണ് സംഭവം. 23 കാരിയായ യുവതിയാണ് യുവാവിന്റെ അതിക്രമത്തിന് ഇരയായത്. 

Add Asianetnews as a Preferred SourcegooglePreferred

പീഡനശ്രമം പരാജയപ്പെട്ടതോടെ യുവതിയുടെ ദേഹത്ത് പ്രതി തീകൊളുത്തുകയായിരുന്നു. ബിഹാറിലെ മുസഫർപൂരിലാണ് സംഭവം. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റതായാണ് വിവരം. ഇവരെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിനകത്ത് അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. യുവതിയെ തീകൊളുത്തിയ ഉടൻ പ്രതി ഇവിടെ നിന്നും ഓടിരക്ഷപ്പെട്ടു. പിന്നാലെ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

ഉത്തർപ്രദേശിലെ ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കളമൊരുക്കിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുക തന്നെയാണ്.

ഉന്നാവിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ ചുട്ടെരിച്ച് കൊന്ന സംഭവത്തിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ. ഭാടിൻ ഖേഡായ്ക്ക് അടുത്തുള്ള ബീഹാർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്പെൻസ് ചെയ്തത്. ഇവരിൽ രണ്ട് പേർ ഇൻസ്പെക്ടർമാരും മൂന്ന് പേർ കോൺസ്റ്റബിൾമാരുമാണ്.

ഉന്നാവിലെ 23 കാരിയെ പ്രതികൾ മുമ്പും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട യുവതിയുടെ അച്ഛൻ വെളിപ്പെടുത്തിയിരുന്നു. പ്രതികളായ ശിവം ത്രിവേദി, അച്ഛൻ ഹരിശങ്കർ ത്രിവേദി, ബന്ധുക്കളായ ശുഭം ത്രിവേദി, റാം കിഷോർ, ഉമേഷ്‌ എന്നിവർ കൊല്ലുമെന്ന് മുമ്പും വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് കൊല്ലപ്പെട്ട യുവതിയുടെ അച്ഛൻ പറഞ്ഞു. ഇക്കാര്യങ്ങൾ പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണം നൽകിയില്ലെന്നും ഇദ്ദേഹം പറഞ്ഞു.

അതേസമയം പൊലീസും യുവതിയുടെ കുടുംബവും കള്ളം പറയുകയാണെന്നും സിബിഐ അന്വേഷണം വേണമെന്നും പ്രതികളുടെ ബന്ധുക്കൾ ഏഷ്യാനെറ്റ്‌ ന്യൂസിനോട്‌ പറഞ്ഞു. പൊലീസിൽ വിശ്വാസം ഇല്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ശുഭം ത്രിവേദിയുടെ അമ്മയും സഹോദരിയും ആവശ്യപ്പെടുന്നത്.