Asianet News MalayalamAsianet News Malayalam

അരഞ്ഞാണം മോഷ്ടിച്ചത് പിടിച്ചതിന്‍റെ വൈരാഗ്യത്തിൽ കുഞ്ഞിനെ കൊന്ന് പുഴയിലെറിഞ്ഞു; ബന്ധുവിന് ജീവപര്യന്തം

കുട്ടിയെ വീടിന്‍റെ പുറകിലുളള പുഴയില്‍ എറിഞ്ഞ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം തെരച്ചിലിന് പ്രതിയും കൂടി. കുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയത് കണ്ടുവെന്നും ഷൈലജ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. 

Relative to life imprisonment for killing four year old girl
Author
Thrissur, First Published Feb 18, 2020, 4:45 PM IST

തൃശ്ശൂർ: അരഞ്ഞാണം മോഷ്ടിച്ചത് പിടികൂടിയതിന്‍റെ വൈരാഗ്യത്തിൽ തൃശ്ശൂർ പാഴായിയിൽ നാല് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ ബന്ധുവായ സ്ത്രീക്ക് ജീവപര്യന്തം തടവ് ശിക്ഷ. 50,000 രൂപ പിഴയും വിധിച്ചു. ഒല്ലൂർ സ്വദേശി ഷൈലജയ്ക്കാണ് തൃശ്ശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

2016 ലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ആ കൊലപാതകം നടന്നത്. ഓക്ടോബർ 13 നാണ് കണ്ണൂർ സ്വദേശി രഞ്ജിത്തിന്റെയും പാഴായി സ്വദേശിനി നീഷ്മയുടേയും മകൾ മേഭയെ മണലിപുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ തേടി വീട്ടുകാര്‍ പരക്കംപാഞ്ഞു. കുട്ടിയെ വീടിന്‍റെ പുറകിലുളള പുഴയില്‍ എറിഞ്ഞ ശേഷം രക്ഷിതാക്കള്‍ക്കൊപ്പം തെരച്ചിലിന് പ്രതിയും കൂടി. കുട്ടിയെ ചിലർ തട്ടിക്കൊണ്ടുപോയത് കണ്ടുവെന്നും ഷൈലജ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. 

തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിയെ അമ്മായി ഷൈലജ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. കുഞ്ഞിന്‍റെ മാതാപിതാക്കളോടുള്ള വ്യക്തി വൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അരഞ്ഞാണം മോഷ്ടിച്ചത് പിടിച്ചതിന്‍റെ വിരോധമാണ് ഷൈലജയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പച്ചതെന്ന് പൊലീസ് പറയുന്നു. മൊഴിയിലെ വൈരുദ്ധ്യമാണ് ഷൈലജയെ കുരുക്കിലാക്കിയത്.

കുഞ്ഞിന്‍റെ അരഞ്ഞാണം ഒരിക്കല്‍ മോഷണം പോയിരുന്നു. അന്ന്, ഷൈലജ വീട്ടില്‍ വന്ന ശേഷമായിരുന്നു അരഞ്ഞാണം നഷ്ടപ്പെട്ടത്. അരഞ്ഞാണം മോഷ്ടിച്ചത് ഷൈലജയാണെന്ന് കുടുംബാംഗങ്ങള്‍ സംശയിച്ചു. കുടുംബവീട്ടില്‍ കയറരുതെന്ന് വിലക്കുകയും ചെയ്തു. ഷൈലജയുടെ മനസിലെ ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ബന്ധു മരിച്ചതിന്റെ പേരില്‍ ഒരിക്കല്‍ കൂടി വീട്ടിലേയ്ക്ക് പ്രവേശനം കിട്ടിയപ്പോഴായിരുന്നു പ്രതിയുടെ ക്രൂരമായ പകവിട്ടൽ.

ജില്ലാ കോടതിയിലെ ചരിത്രത്തിലാദ്യമായി പ്രധാന സാക്ഷികളുടെ വിചാരണയും തെളിവെടുപ്പും വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നടത്തിയത്. കൊല്ലപ്പെട്ട മേഭയുടെ രക്ഷിതാക്കളായ രഞ്ജിത്തും, നീഷ്മയും ആസ്ട്രേലിയയിലെ മെൽബണിലാണ് ജോലി ചെയ്തിരുന്നത്. ഇവർക്ക് നാട്ടിലെത്താൻ ആകാത്തതിനാലാണ് തെളിവെടുപ്പ് വീഡിയോകോൺഫറൻസിംഗ് വഴിയാക്കിയത്.

Follow Us:
Download App:
  • android
  • ios