കോഴിക്കോട്: കക്കോടിയിൽ കണ്ടെന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട് തര്‍ക്കത്തെ തുടര്‍ന്ന് 54കാരൻ ആത്മഹത്യചെയ്ത സംഭവത്തില്‍ പോലീസിനെതിരെ പരാതിയുമായി മരിച്ചയാളുടെ ബന്ധുക്കള്‍. തര്‍ക്കത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഭീക്ഷണി പെടുത്തിയത് ആത്മഹത്യക്കിടയാക്കിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ചേവായൂര്‍ പോലീസ് വിശദീകരിച്ചു

കക്കോടി പൂവത്തൂർ സ്വദേശി ദിനേശന്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആത്മഹത്യ ചെയ്യുന്നത്. വെള്ളിയാഴ്ച ദിനേശന്‍റെ വീടിന്‍റെ അടുത്തുളള പാലം കന്‍റൈൻമെന്‍റ് സോണുമായി ബന്ധപ്പെട്ട് അടയ്ക്കുന്നതിൽ ചില തർക്കങ്ങൾ ഉടലെടുത്തിരുന്നു. 

ആർആർടി അംഗങ്ങളായ ഡിവൈഎഫ്ഐ പ്രവർത്തകർ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും തുടർന്ന് മാനസിക വിഷമത്തിലായ ദിനേശൻ തൂങ്ങി മരിച്ചുവെന്നുമാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സ്വാധീനത്തെ തുടര്‍ന്ന് പരാതിയില്‍ അന്വേഷണം നടത്തുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് ചേവായൂര്‍ പോലീസ് നല‍്കുന്ന വിശദീകരണം. ദിനേശന്‍റെ മകന്‍റെയും ഭാര്യയുടെയും മോഴിയുടെ അടിസ്ഥാനത്തില്‍ ആര്‍ആര്‍ടി അംഗങ്ങളുടെ ഭീക്ഷണിയാണോ ആത്മഹത്യക്കിടയാക്കിയതെന്ന് പരിശോധിക്കുന്നുണ്ട്. ഫോണ്‍ രേഖകളടക്കം ശേഖരിച്ച് പരിശോധിച്ചശേഷം ആത്മഹത്യക്കിടയാക്കിയത് അവരെങ്കില്‍ നടപടിയെടുക്കുമെന്നും പോലീസ് വിശദീകരിച്ചു.