ബൈക്ക് മോഷണക്കേസിൽ പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴാണ് പൊലീസുകാരുടെ അലംഭാവമൂലം പ്രതി രക്ഷപ്പെട്ടത്. 

തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിലെ പ്രതി സെബിൻ സ്റ്റാലിൻ പൊലീസ് സ്റ്റേഷനിൽനിന്ന് ഓടി രക്ഷപ്പെട്ടു. ബൈക്ക് മോഷണക്കേസിൽ പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്നപ്പോഴാണ് പൊലീസുകാരുടെ അലംഭാവം മൂലം പ്രതി രക്ഷപ്പെട്ടത്. 

തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബൈക്ക് മോഷണം കൂടിയതോടെയാണ് ഷാഡോ പൊലീസ് അന്വേഷണം തുടങ്ങിയത്. നിരവധി മോഷണക്കേസിലെ പ്രതിയായ സെബിൻ സ്റ്റാലിൻ ബൈക്ക് മോഷ്ടിക്കുന്നത് സിസിടിവിയിൽപ്പെട്ടതോടെ ഇയാള്‍ക്കെതിരെ അന്വേഷണം തുടങ്ങി. മാറന്നല്ലൂരിലെ വീട്ടില്‍ പ്രതിയെത്തിയറിഞ്ഞതോടെ പൊലീസ് വീ‍ട് വളഞ്ഞു. രക്ഷപ്പെടാൻ ശ്രമിച്ച സെബിനെ പൊലീസുകാർ ഓടച്ചിട്ട് പിടികൂടി. മൂന്ന് ബുള്ളറ്റുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. 

ഇന്ന് വൈകുന്നേരമാണ് ഇയാളെ തമ്പാനൂർ സ്റ്റേഷനിലെത്തിച്ചത്. വിരല്‍ അടയാളം എടുക്കുന്നതിനിടെ സെബിൻ പൊലീസുകാരെ തള്ളിമാറ്റി രക്ഷപ്പെട്ടുവെന്നാണ് പൊലീസുകാരുടെ വിശദീകരണം. എന്നാല്‍, വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്‍റ റിപ്പോർട്ട്.