2003 ഡിസംബർ 3നാണ് ബെംഗളൂരുവിൽ നിന്നുള്ള 26 കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറായ ബി.വി. ഗിരീഷ് കൊല്ലപ്പെട്ടത്.
ദില്ലി: പ്രതിശ്രുത വരനെ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട യുവതിയുടെ ജീവപര്യന്തം തടവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കർണാടക ഗവർണർക്ക് ദയാഹർജി സമർപ്പിക്കാൻ സുപ്രീം കോടതി നാല് പ്രതികളായ ശുഭ, കാമുകൻ അരുൺ, കൂട്ടാളികളായ ദിനകരൻ, വെങ്കിടേഷ് എന്നിവർക്ക് എട്ട് ആഴ്ച സമയം അനുവദിച്ചു. മാനസികമായ സമ്മർദ്ദവും വന്യമായ പ്രണയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
2003 ഡിസംബർ 3നാണ് ബെംഗളൂരുവിൽ നിന്നുള്ള 26 കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറായ ബി.വി. ഗിരീഷ് കൊല്ലപ്പെട്ടത്. തന്റെ പ്രതിശ്രുത വധുവും നിയമ വിദ്യാർത്ഥിനിയുമായ ശുഭ ശങ്കറിനൊപ്പം അത്താഴ വിരുന്നിന് ശേഷമായിരുന്നു സംഭവം. ജസ്റ്റിസുമാരായ എം.എം. സുന്ദരേശും അരവിന്ദ് കുമാറുമാണ് ജീവപര്യന്തം ശിക്ഷ സ്റ്റേ ചെയ്തത്.
കുടുംബത്തിന്റെ തീരുമാനം നിർബന്ധിതമായി അടിച്ചേൽപ്പിച്ചതിനാൽ യുവതിയുടെ അഭിലാഷങ്ങളെ തടഞ്ഞുവെന്നും ആന്തരിക സംഘർഷങ്ങൾ അനുഭവിച്ചിരുന്നുവെന്നും കോടതി വ്യക്തമാക്കി. 2003 നവംബർ 30നാണ് ശുഭയും ഗിരീഷും തമ്മിലെ വിവാഹം കുടുംബങ്ങൾ ഉറപ്പിച്ചത്. സംഭവദിവസം രാത്രിയിൽ, അത്താഴത്തിന് ശേഷം, ഇരുവരും വിമാനങ്ങൾ ഇറങ്ങുന്നത് കാണാൻ എയർ വ്യൂ പോയിന്റിൽ വണ്ടി നിർത്തി. ഇതിനിടെ അജ്ഞാതനായ ഒരു അക്രമി ഗിരീഷിനെ ആക്രമിക്കുകയും സ്റ്റീൽ വടി കൊണ്ട് തലയിൽ മാരകമായി മർദ്ദിക്കുകയും ചെയ്തു. ശുഭയാണ് ഗിരീഷിനെ ആശുപത്രിയിൽ എത്തിച്ചത്. പിറ്റേ ദിവസം ഗിരീഷ് മരണത്തിന് കീഴടങ്ങി. ആദ്യം അജ്ഞാതരായ ആളുകൾക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, ശുഭ, അവരുടെ അടുത്ത സുഹൃത്ത് അരുൺ വർമ്മ, കസിൻ ദിനേശ്, കൂട്ടാളി വെങ്കിടേഷ് എന്നിവർ ഉൾപ്പെട്ട ഗൂഢാലോചന അന്വേഷണത്തിൽ കണ്ടെത്തി.
അരുണുമായുള്ള അടുപ്പവും കാരണം ശുഭ ഗിരീഷിനെ വിവാഹം കഴിക്കാൻ വിമുഖത കാണിച്ചിരുന്നു. വിവാഹം നടക്കാതിരിക്കാനും അരുണിനൊപ്പം ജീവിക്കാനുമാണ് കുറ്റകൃത്യം ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതുമെന്ന് പൊലീസ് കണ്ടെത്തി. 2004 ജനുവരിയിൽ അവരെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും ശിക്ഷിക്കുകയും ചെയ്തു.
കർണാടക ഹൈക്കോടതി പ്രതികളുടെ അപ്പീലുകൾ തള്ളുകയും ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. തുടർന്ന് വിഷയം സുപ്രീം കോടതിയിലെത്തി. തെളിവുകൾ സൂക്ഷ്മമായി പരിശോധിച്ച സുപ്രീം കോടതി, സിഡിആർ ഡാറ്റ അമ്പരപ്പിക്കുന്നതാണെന്ന് കണ്ടെത്തി, പ്രതികൾക്കിടയിൽ വിപുലവും അസാധാരണവുമായ ആശയവിനിമയമായിരുന്നെന്നും കോടതി വ്യക്തമാക്കി.
വിവാഹനിശ്ചയം കഴിഞ്ഞപ്പോഴും വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തപ്പോഴും ശുഭയും അരുണും തമ്മിൽ നിരന്തരം ആശയവിനിമയം നടത്തി. 2003 നവംബർ 25 ന് അരുണിന്റെ ബന്ധു ഗൂഢാലോചനയിൽ പങ്കെടുക്കുകയും മുൻപരിചയമില്ലാതിരുന്നിട്ടും ശുഭയെ പലതവണ വിളിച്ചെന്നും കോടതി നിരീക്ഷിച്ചു. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസം അരുണും ശുഭയും തമ്മിലുള്ള ആശയവിനിമയത്തിൽ വർധനവുണ്ടായി. കൊലപാതകത്തിന് തൊട്ടുമുമ്പുള്ള ദിവസം 56 തവണ സംസാരിച്ചതായും കോടതി നിരീക്ഷിച്ചു.
സംഭവ ദിവസം, ശുഭ മരിച്ചയാളോടൊപ്പമുള്ള സമയത്ത് അരുണും ശുഭയും തമ്മിൽ 54 തവണ എസ്എംഎസ് വഴി ആശയവിനിമയം നടത്തി. ശുഭ അരുണിന് അവരുടെ സ്ഥലത്തെക്കുറിച്ചുള്ള തത്സമയ അപ്‌ഡേറ്റുകൾ നൽകുന്നുണ്ടെന്ന പ്രോസിക്യൂഷന്റെ സിദ്ധാന്തത്തെ ഇത് പിന്തുണയ്ക്കുന്നുവെന്ന് കോടതി പറഞ്ഞു.
സംഭവം നടന്നയുടനെ അരുണും ശുഭയും തമ്മിലുള്ള ആശയവിനിമയം പെട്ടെന്ന് നിലച്ചു. സംഭവത്തെക്കുറിച്ച് അരുണിനെ അറിയിക്കാതിരുന്ന അവരുടെ അസാധാരണമായ തീരുമാനവും ഗൂഢാലോചനയുടെ നിർണായക തെളിവായി ബെഞ്ച് കണ്ടെത്തി. ടവർ ലൊക്കേഷൻ ഡാറ്റ അരുണിന്റെ ബന്ധിവും സുഹൃത്തും കുറ്റകൃത്യം നടന്ന സ്ഥലത്തിന് വളരെ അടുത്താണെന്ന് തെളിയിച്ചു. ശുഭയുടെ മാനസികാവസ്ഥയും സ്വഭാവവും കുടുംബം കുറച്ചുകൂടി സഹാനുഭൂതിയോടെ മനസ്സിലാക്കിയിരുന്നെങ്കിൽ ഈ നിർഭാഗ്യകരമായ സംഭവം സംഭവിക്കില്ലായിരുന്നുവെന്ന് വിധിന്യായത്തിൽ പറയുന്നു. സാമൂഹിക സമ്മർദ്ദങ്ങൾ ദുർബലരെ നിരാശാജനകവും നാശകരവുമായ തീരുമാനത്തിലേക്ക് തള്ളിവിടുമ്പോൾ, കുറ്റവാളിയും ഇരയും തമ്മിലുള്ള വ്യത്യാസം നേർത്തതാകുമെന്നും കോടതി അംഗീകരിച്ചു.
കുറ്റകൃത്യത്തിന് ശിക്ഷ മാത്രം ഒരു പരിഹാരമാകില്ല. ശിക്ഷ കുറ്റവാളിയുടെ നിയമപരമായ അല്ലെങ്കിൽ സാമൂഹിക പദവി മാറ്റിയേക്കാം, പക്ഷേ അയാളുടെ പ്രവൃത്തികളുടെ മൂലകാരണം പരിഹരിക്കുന്നതിനോ കുറ്റകൃത്യം ചെയ്യാൻ അവനെ പ്രേരിപ്പിച്ച മാനസികവും വൈകാരികവുമായ ഘടകങ്ങൾ ഇല്ലാതാക്കുന്നതിനോ പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റവാളിയെ പരിഷ്കരിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നതാണ് ആശയമെന്നും ബെഞ്ച് പറഞ്ഞു. പ്രായപൂർത്തിയായ സ്ത്രീയായിരുന്നിട്ടും ശുഭയ്ക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയുമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. സിരകളിൽ അഡ്രിനാലിൻ വർധനവിനാൽ കുറ്റകൃത്യം ചെയ്ത അപ്പീലർമാർ ഇപ്പോൾ മധ്യവയസ്സിലെത്തിയിരിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു.
