ഡെറാഡൂണ്‍: സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് 12 വയസുകാരന്‍ മരിച്ചു. ഡോക്ടര്‍മാര്‍ കുട്ടി മരിച്ചതായി സ്ഥിരീകരിച്ചതോടെ സ്കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. രാജ്യത്തെ ഞെട്ടിച്ച സംഭവം ഡെറാഡൂണിലാണ് നടന്നത്.

തെളിവുകള്‍ നശിപ്പിക്കാന്‍ ബോര്‍ഡിംഗ് സ്കൂളില്‍ പഠിച്ചിരുന്ന വാസു യാദവ് എന്ന കുട്ടിയുടെ മൃതദേഹമാണ് ദഹിപ്പിച്ചതെന്ന് ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റാണ് കുട്ടി മരണപ്പെട്ടത്. ഒപ്പം കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വെെകിയതായും ആക്ഷേപമുണ്ട്.

ബിസ്ക്കറ്റ് പായ്ക്കറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ പന്ത്രണ്ടു വയസുകാരനെ മര്‍ദിച്ചത്. വാര്‍ഡന്‍ കാണുന്നത് വരെ മണിക്കൂറുകള്‍ ക്ലാസ് റൂമില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ വാസു യാദവിനെ മര്‍ദിക്കുകയായിരുന്നു.

സംഭവം നടന്ന ശേഷം കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കാന്‍ പോലും സ്കൂള്‍ അധികൃതര്‍ തയാറായില്ലെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഉഷാ നേഗി പറഞ്ഞു. സ്കൂള്‍ സന്ദര്‍ശിച്ചെന്നും നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.