നാൽപത്തിരണ്ടുകാരനായ അജയ് പഥക്, ഭാര്യ സ്നേഹ, മകൾ വസുന്ധര എന്നിവരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. പത്ത് വയസ്സുള്ള മകനുണ്ട് അജയ് പഥകിന്. ഈ കുട്ടിയെ കാണാതായിരിക്കുകയാണ്.
ലക്നൗ: ഉത്തർപ്രദേശിലെ ഷംലിയിൽ ഭജൻ ഗായകനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ഷംലിയിലെ പഞ്ചാബി കോളനിയിലാണ് നാൽപത്തിരണ്ടുകാരനായ അജയ് പഥക്, ഭാര്യ സ്നേഹ, മകൾ വസുന്ധര എന്നിവരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. പത്ത് വയസ്സുള്ള മകനുണ്ട് അജയ് പഥകിന്. ഈ കുട്ടിയെ കാണാതായിരിക്കുകയാണ്. ഇവരെ കൊലപ്പെടുത്തി അജ്ഞാതർ കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് പൊലീസ് അനുമാനിക്കുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപിച്ചാണ് കൊല നടത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പത്തു വയസ്സുകാരനായ മകൻ ഭഗവതിനെ കാൺമാനില്ലെന്ന് അയൽക്കാരാണ് പൊലീസിനോട് പറഞ്ഞത്.
ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി ചൊവ്വാഴ്ച കർണാലിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ഈ കുടുംബം. താഴത്തെ നിലയിൽ താമസിക്കുന്ന അമ്മാവൻ ദർശൻ ലാൽ, ഫ്ലാറ്റ് പൂട്ടിയിരിക്കുന്നത് കണ്ട് ഇവർ രാവിലെ തന്നെ യാത്ര പോയതായി കരുതി. ''മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നാണ് അറിയാൻ സാധിച്ചത്. ഉച്ചവരെ അവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നപ്പോൾ ഇദ്ദേഹം അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. അവരുടെ മകനെ കാണാനില്ലായിരുന്നു. അവനെവിടെയാണെന്ന് ഒരറിവുമില്ല.'' ദർശൻ ലാൽ പൊലീസിനോട് വെളിപ്പെടുത്തി.
കൊലപാതകത്തിന്റെ പിന്നിലുള്ള ലക്ഷ്യമെന്താണെന്ന് അന്വേഷിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. വീട്ടിലെ സിസിടിവി ക്യാമറ അക്രമികൾ തകർത്തിരിക്കുകയാണ്. ആദർശ് മന്തി പൊലീസ് സ്റ്റേഷൻ ഇൻചാർജ് കരംവീർ സിംഗ് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
