കന്യാകുമാരി പൊലീസിലെ  സ്പെഷ്യൽ സ്ക്വാഡാണ് മലയാളികളെ തിമിംഗല ഛർദ്ദിയുമായി പൊക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം കാറിൽ കടത്തുകയായിരുന്ന 36 കോടി മൂല്യമുള്ള തിമിംഗില ഛർദിയുമായി ആറ് മലയാളികൾ പിടിയിലായി. തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ (49), കൊല്ലം സ്വദേശി നിജു (39), കാരക്കോണം സ്വദേശികളായ ജയൻ (41), ദിലീപ് (26), പാലക്കാട് സ്വദേശികളായ ബാലകൃഷ്ണൻ (50), വീരാൻ (61) എന്നിവരാണ് കന്യാകുമാരി പൊലീസിന്‍റെ പിടിയിലായത്.

കന്യാകുമാരി പൊലീസിലെ സ്പെഷ്യൽ സ്ക്വാഡാണ് മലയാളികളെ തിമിംഗല ഛർദ്ദിയുമായി പൊക്കിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. മാർത്താണ്ഡത്തിനു സമീപം വിരികോട് റെയിൽവേ ക്രോസിനു സമീപത്തുവെച്ചാണ് കാറിനുള്ളിൽ 36 കിലോ തിമിംഗില ചർദിയുമായി ഇരുന്ന ആറുപേരെയും പൊലീസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പരിസര പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം നടത്തി വരുകയായിരുന്നു.

ഇതിനിടെയിലാണ് റെയിൽവേ ക്രോസിനടുത്ത് റോഡ് സൈഡിൽ എല്ലാ സൈഡ് ഗ്ലാസുകളും ഉയർത്തി നിർത്തിയിട്ടിരുന്ന കാർ കണ്ടത്. സംശയം തോന്നിയാണ് പൊലീസ് കാറിൽ പരിശോധന നടത്തിയത്. എസ്.ഐ. അരുളപ്പന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത തിമിംഗില ഛർദിക്ക് 36 കോടി മൂല്യമുള്ളതായി പൊലീസ് പറഞ്ഞു.

കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്ബര്‍ഗ്രിസ് അറിയപ്പെടുന്നത്.അത്യപൂര്‍വമായി ലഭിക്കുന്ന ആമ്ബര്‍ഗ്രിസിന് കോടികളാണ് വിപണിയില്‍ ലഭിക്കുക. ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന ആമ്ബര്‍ഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. ദീര്‍ഘനേരം സുഗന്ധം നിലനില്‍ക്കാനാണ് സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഇവ ഉപയോഗിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗല ഛര്‍ദ്ദി പ്രധാനമായും ഉപയോഗിക്കുന്നത്.

Read More :  തോക്കെടുത്ത് മലയാളി; ഒരു വർഷം 6 ആക്രമണങ്ങൾ, കൊല്ലപ്പെട്ടത് 3 പേർ, എയർഗൺ ആക്രമണങ്ങള്‍ വർധിക്കുന്നു