കാസര്‍കോട്: കാസര്‍കോട്ടെ നീലേശ്വരത്ത് കുറ്റിക്കാട്ടിൽ നിന്ന് മനുഷ്യ തലയോട്ടി കണ്ടെത്തി. ഇന്ന് രാവിലെയാണ് മടിക്കൈ എരിക്കുളത്ത് സര്‍ക്കാര്‍ ഐടിഐക്ക് സമീപത്തെ പറമ്പില്‍ നിന്ന് തലയോട്ടി കണ്ടെത്തിയത്. പുരുഷന്‍റെ തലയോട്ടിയാണ് ഇതെന്ന് ഫൊറൻസിക് വിദഗ്ധര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

തലയോട്ടിക്ക് കൂടുതൽ പഴക്കം ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. മറ്റ് ശരീരഭാഗങ്ങൾ ഒന്നും സമീപ പ്രദേശത്ത് നിന്ന് കണ്ടെത്താനായില്ല. കുറുക്കനോ നായയോ കടിച്ചു കൊണ്ടിട്ടതാണോയെന്ന സംശയമുണ്ട്. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തുനിന്ന് ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോടുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി.