ലുധിയാന: കുടുംബവഴക്കിനെ തുടര്‍ന്ന് സൈനികന്‍ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുല്‍ജിത് കൗര്‍ എന്ന ലുധിയാന സ്വദേശിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഗുരുചരണ്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്നു കഴിയുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റ് 6 ന് ഭര്‍ത്താവ് ഗുരുചരണ്‍ സിംഗിനെ കാണാന്‍ പോയ കുല്‍ജിത് കൗര്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് മകളെ കാണ്മാനില്ലെന്ന് കാണിച്ച് കുല്‍ജിത്തിന്‍റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകരഹസ്യം ചുരുളഴിഞ്ഞത്.

ഓഗസ്റ്റ് 6 നാണ് ഭര്‍ത്താവിനെ കാണാനായി കുല്‍ജിത് കൗര്‍ പോയത്. അവിടെ വെച്ച് ഇരുവരും തമ്മില്‍ വഴക്കാകുകയും ഗുരുചരണ്‍ ഷോള്‍ ഉപയോഗിച്ച് കുല്‍ജിത്തിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സുഹൃത്തിന്‍റെ സഹായത്തോടെയായിരുന്നു കൊലപാതകം. പിന്നീട് ഇയാള്‍ ജോലിയില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.