ബെംഗളൂരു: മദ്യലഹരിയിൽ അമ്മയെ നിരന്തരം ഉപദ്രവിച്ച അച്ഛനെ മകൻ അടിച്ചുകൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു ഗണപതി നഗറിൽ താമസിക്കുന്ന ഗഹനെ (19) പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് ജീവനക്കാരനായ ചൗഡപ്പ (56) യാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ജനുവരി 28 നാണ് കേസിനാസ്പദമായ സംഭവം. ദിവസവും മദ്യപിച്ച് വീട്ടിലെത്തിയിരുന്ന ചൗഡപ്പ ഭാര്യ തിപ്പമ്മയെ നിരന്തരമായി ഉപദ്രവിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതിൽ രോഷാകുലനായ ഗഹൻ റാഗിമുദ്ദ കുഴയ്ക്കുന്ന ദണ്ഡെടുത്ത് ചൗഡപ്പയെ തുടർച്ചയായി അടിക്കുകയായിരുന്നു.
 
അടിയുടെ ആഘാതത്തിൽ പിറ്റേ ദിവസം ചൗഡപ്പ മരണപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഡിപ്ലോമ വിദ്യാർത്ഥിയാണ് അറസ്റ്റിലായ ഗഹൻ. ഇവർക്ക് ഗഹനെക്കൂടാതെ എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായ മറ്റൊരു മകൻ കൂടിയുണ്ട്.