ഗുരുഗ്രാം: മാതാപിതാക്കള്‍ തനിക്ക് പ്രാധാന്യം കുറച്ച് മാത്രം നല്‍കുന്നുവെന്ന തോന്നല്‍ ശക്തമായതോടെ മകന്‍ അച്ഛനെയും അമ്മയെയും കുത്തി. മകന്‍റെ ആക്രമണത്തില്‍ കുത്തേറ്റ പിതാവ് സുഷീല്‍ മേത്ത സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായ പരിക്കേറ്റ മാതാവ് ചന്ദര്‍ മേത്തയെ ദില്ലി ഏയിംസില്‍ പ്രവേശിപ്പിച്ചു.

റിഷഭ് മേത്ത എന്ന് മുപ്പത്തിരണ്ടുകാരനാണ് ക്രൂരമായ കൃത്യം നടത്തിയത്. ഇളയ സഹോദരന്‍റെ മുന്നില്‍ വെച്ചാണ് റിഷഭ് അച്ഛനെയും അമ്മയെയും കുത്തിയത്. സംഭവത്തിന് സാക്ഷിയാണെന്നും റിഷഭ് ആണ് പിതാവിനെയും മാതാവിനെും കുത്തിയതെന്നും ഇളയ സഹോദരന്‍ മായങ്ക്  പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച പിതാവ് സുഷീലുമായും മാതാവ് ചന്ദറുമായും റിഷഭ് വഴക്കിട്ടിരുന്നു. അച്ഛനും അമ്മയുമായി റിഷഭ് നിരന്തരം വഴക്കിട്ടിരുന്നുവെന്ന് മായങ്കിന്‍റെ പരാതിയില്‍ പറയുന്നു. റിഷഭ് മാതാപിതാക്കളെ ആക്രമിക്കുന്നതായി ബന്ധുവാണ് പുറത്തായിരുന്ന മായങ്കിനെ വിളിച്ച് അറിയിച്ചത്.

വീട്ടിലെത്തിയപ്പോള്‍ പിതാവായ സുഷീലിനെ കുത്തുന്ന റിഷഭിനെയാണ് കണ്ടത്. ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ റിഷഭ് തന്നെയും ആക്രമിച്ചെന്ന് മായങ്കിന്‍റെ പരാതിയില്‍ പറയുന്നു. കൃത്യം നടത്തിയ ശേഷം മായങ്ക് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട് പൊലീസ് പിടികൂടുകയായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.