ചെന്നൈ: അമ്പരിപ്പിക്കുന്ന കോടികളുടെ സ്വത്ത് വിവരമാണ് ആള്‍ദൈവം കല്‍ക്കി ബാബയുടെ ആശ്രമത്തിലെ റെയ്ഡില്‍ പുറത്ത് വരുന്നത്. നൂറ് കോടിയുടെ അനധികൃത ഇടപാടിന്‍റെ രേഖകള്‍ കൂടി ആദായനികുതി വകുപ്പ് കണ്ടെത്തി. ഇതോടെ കല്‍ക്കി ബാബയുടെ ആശ്രമത്തില്‍ നിന്ന് പിടിച്ചെടുത്ത സ്വത്ത് 800 കോടിയായി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കല്‍ക്കി ബാബയുടെ മരുമകള്‍ പ്രീതയെ കസ്റ്റിഡിയിലെടുത്തു.

നൂറ് കിലോയിലധികം സ്വര്‍ണം, വജ്രം യുഎസ് ഡോളര്‍ എന്നിവയ്ക്ക് പുറമേ കോടികളുടെ ഭൂമി ഇടപാട് നടത്തിയതിന്‍റെ രേഖകള്‍ കൂടിയാണ് കല്‍ക്കി ബാബ ആശ്രമത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്ത്യയിലും വിദേശത്ത് നിന്നും ലഭിച്ച സംഭാവനകള്‍ കൊണ്ട് ദക്ഷിണേന്ത്യയിലുടനീളം ഭൂമി വാങ്ങിയത് കൂടുതലും മരുമകള്‍ പ്രീതയുടെ പേരില്‍. 

ആന്ധ്രാ-തമിഴ്നാട് അതിര്‍ത്തി, ഹൈദരാബാദ്, ബംഗ്ലൂരു എന്നിവടങ്ങളിലായി 4000 ഏക്കര്‍ ഭൂമിയാണ് കല്‍ക്കി ബാബ ട്രസ്റ്റ് സ്വന്തമാക്കിയത്. 115 കോടി രൂപ മകന്‍ എന്‍കെവി കൃഷ്ണയുടെ പേരില്‍ ആന്ധ്ര ചിറ്റൂരിലെ എച്ചഡിഎഫ്സി അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നതിന്‍റെ രേഖകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തി. 

ആശ്രമത്തിന്‍റെ പേരില്‍ ലഭിച്ച കോടികളുടെ വിദേശ നിക്ഷേപം മരുമകള്‍ പ്രീതയുടെ പേരില്‍ ദുബായിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയത്. യൂറോപ്പിലും ആഫ്രിക്കയിലും ഗള്‍ഫിലും കല്‍ക്കി ബാബ ട്രസ്റ്റ് വന്‍ നിക്ഷേപമാണ് നടത്തിയത്. 

കല്‍ക്കി ബാബയുടെ ഭാര്യ പത്മാവതിയുടേയും മകന്‍ എന്‍കെവി കൃഷ്ണയുടെയും പേരില്‍ ദുബായ് ആസ്ഥാനമായുള്ള കെട്ടിട നിര്‍മ്മാണ കമ്പനിയിലേക്ക് വന്‍ തുക വകമാറ്റി. വിദേശ സംഭാവനകള്‍ ഭൂരിഭാഗവും കണക്കില്‍പ്പെടുത്താതെയാണ് സ്വീകരിച്ചത്. ആശ്രമം സ്ഥാപിച്ചത് മുതല്‍ കല്‍ക്കി ബാബയ്ക്ക് ഒപ്പമുണ്ടായിരുന്ന വിശ്വസ്ഥന്‍ ലോകേഷ് ദാസാജി കസ്റ്റിഡിയിലാണ്.

എല്‍ഐസിയിലെ ജീവനക്കാരനായിരുന്ന വിജയകുമാര്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ആള്‍ദൈവമായി വളര്‍ന്നത് ചുരുങ്ങിയ സമയത്താണ്. 1990ലാണ് ജീവാശ്രമം എന്ന പേരില്‍ ആത്മീയാശ്രമം ആന്ധ്രാപ്രദേശിലെ വരദയപാലത്ത് ആരംഭിച്ചത്. വിഷ്ണുവിന്‍റെ അവതാരങ്ങളില്‍ ഒന്നായ കല്‍ക്കിയാണ് താനെന്ന് സ്വയം പ്രഖ്യാപിച്ചു. 

ആത്മീയ ഗുരുവെന്ന് വിശേഷിപ്പിച്ച് ക്ലാസുകളും പൂജയും തുടങ്ങി. ഭാര്യ പത്മാവതി, ലക്ഷ്മിയുടെ അവതാരമാണെന്ന് വിശേഷിപ്പിച്ചു. വെല്‍നസ് കോഴ്സ് എന്ന പേരിലുള്ള ആത്മീയത ക്ലാസുകള്‍ക്ക് അനുയായികള്‍ ഏറി. ആന്ധ്രക്ക് പുറമേ ഹൈദരാബാദ്, തമിഴ്നാട്, കര്‍ണാടക എന്നിവടങ്ങളിലായി ആശ്രമം വളര്‍ന്നു. 

ഒരു നേരം ദര്‍ശനത്തിന് ഇരുപ്പത്തിയ്യായിരം ഫീസ് നല്‍കി ഇന്ത്യയിലും വിദേശത്തും അനുയായികള്‍ ഇരട്ടിച്ചു. രാഷ്ട്രീയ നേതാക്കളടക്കം സ്ഥിരം സന്ദര്‍ശകരായതോടെ ബിസിനസ് സംരംഭങ്ങളും വര്‍ധിച്ചു. ഹൈദരാബാദിലെ ഒന്നാം നിര റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനായി മകന്‍ എന്‍കെവി കൃഷ്ണ മാറി. 

കെട്ടിട നിര്‍മ്മാണ മേഖലയിലേക്കും വിദ്യാഭ്യാസ രംഗത്തും കല്‍ക്കി ബാബ ട്രസ്റ്റ് മുതല്‍മുടക്കി. യുഎസ്, സിങ്കപ്പൂര്‍, യുഎഇ എന്നിവടങ്ങളില്‍ നിന്ന് വിദേശസംഭാവനകള്‍ കൂടിയതോടെ കല്‍ക്കി ബാബയുടെ ബിസിനസ് സ്ഥാപനങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പടര്‍ന്നു. ഹവാല ഇടപാടുകള്‍ നടന്നതായും ആദായ നികുതി വകുപ്പ് സംശയിക്കുന്നു. ആശ്രമത്തിലേക്ക് ലഭിച്ച വിദേശ സ്രോതസുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ പരിശോധന.