മുസാഫര്‍നഗര്‍: അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ അവഗണിച്ച് ഡ്യൂട്ടി സമയം കഴിഞ്ഞ സ്റ്റാഫ് ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ പുറത്തുനിന്ന് പൂട്ടി സ്ഥലം വിട്ടു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് മുസാഫര്‍നഗറിലെ ഫലോദ ഗ്രാമത്തിലെ ഹെല്‍ത്ത് കെയര്‍ സെന്‍ററില്‍ ചികിത്സക്കായി സോണിയ എന്ന യുവതിയെ പ്രവേശിപ്പിച്ചത്.

രോഗികളുടെ മുറിയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു സോണിയ (30). എന്നാല്‍ ഉച്ചയോടെ ഡ്യൂട്ടി സമയം കഴിഞ്ഞ സ്റ്റാഫും ഒരു ഡോക്ടറും ഹെല്‍ത്ത് കെയര്‍ സെന്‍റര്‍ പുറത്തുനിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ബോധം തിരികെ കിട്ടിയ യുവതി സഹായത്തിനായി നിലവിളിച്ചു. ഇവരുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ അധികൃതരെ അറിയിക്കുകയും യുവതിയെ ലോക്ക് തുറന്ന് പുറത്ത് ഇറക്കുകയുമായിരുന്നു.

 സംഭവവുമായി ബന്ധപ്പെട്ട സ്റ്റാഫുകള്‍ക്ക് സസ്പെന്‍ഷന്‍ നല്‍കിയിട്ടുണ്ട്. കൂടാതെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ബി ഗെ ഒജ്ഹയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.