മോഷണം നടത്തുന്നത് സിസിടിവി യിൽ പതിഞ്ഞതിൽ നിന്നും മുടന്തി മുടന്തിയാണ് കള്ളൻ നടക്കുന്നതെന്ന് മനസിലാക്കിയിരുന്നു. മണം പിടിച്ച് പൊലീസ് നായ ഓടിക്കയറിയത് തൊട്ടടുത്ത ക്വാർട്ടേഴ്സിലും

കണ്ണൂർ: പയ്യന്നൂരിൽ കൂൾബാർ കുത്തിത്തുറന്ന് 40,000 രൂപ കവർന്നു. പ്രതി മോഷണം നടത്തുന്നതിന്‍റെ സിസിടിവി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചു. കള്ളനെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തലശേരി സ്വദേശികളായ നാല് പേർ നടത്തുന്ന ഫലൂദ എന്ന ഐസ് ക്രീം ഷോപ്പിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു മോഷണം. പെരുമ്പ കെഎസ്ആർടിസി ബസ്സ്റ്റാന്‍റിന് സമീപത്തെ കടയുടെ വലത് വശത്തെ ചുമരിന്‍റെ അഞ്ച് ഇഷ്ടിക പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. മേശവലിപ്പിലുണ്ടായിരുന്ന 40,000 രൂപ ഇയാൾ കൈക്കലാക്കി.

മുഖം മറച്ചായിരുന്നു കള്ളൻ അകത്ത് കടന്നത്. മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞതിൽ നിന്നും മുടന്തി മുടന്തിയാണ് കള്ളൻ നടക്കുന്നതെന്നും മനസിലാക്കിയിരുന്നു. പയ്യന്നൂർ സിഐയുടെ നേത്യത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. 

മണം പിടിച്ച് പൊലീസ് നായ തൊട്ടടുത്ത ക്വാർട്ടേഴ്സിൽ ഓടിക്കയറി. ഇവിടെ അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ഉടൻ അറസ്റ്റിലാകുമെന്നും പൊലീസ് അറിയിച്ചു.