ക്ലാസ് എടുക്കുന്നതിനിടെ നിങ്ങളുടെ കൂട്ടത്തിൽ ഒരു വിദ്യാർത്ഥിനി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് താൻ സ്വീകരിച്ച് ഇഷ്ടം തിരിച്ചറിയിക്കുകയാണെന്നും അധ്യാപകനായ അബ്ദുൾ പറയുകയായിരുന്നു.
തെലങ്കാന: ബെംഗളൂരുവിൽ ആഭ്യന്തര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള കോളേജിൽ അപമര്യാദയായി പെരുമാറിയ അധ്യാപകനെ ചെരുപ്പു കൊണ്ടടിച്ച് വിദ്യാർത്ഥിനി. സംഭവത്തിൽ നെലമംഗല സിദ്ധാർത്ഥ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. ഇയാൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
സിദ്ധാർത്ഥ മെഡിക്കൽ കോളേജിലാണ് ക്ലാസ് മുറിയിൽ സഹവിദ്യാർത്ഥികൾക്ക് മുന്നിൽ വച്ച് തന്നോട് പ്രണയാഭ്യർത്ഥന നടത്തിയ അസിസ്റ്റന്റ് പ്രൊഫസറെ വിദ്യാർത്ഥിനി ചെരുപ്പൂരി അടിച്ചത്. ക്ലാസ് എടുക്കുന്നതിനിടെ നിങ്ങളുടെ കൂട്ടത്തിൽ ഒരു വിദ്യാർത്ഥിനി എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും അത് താൻ സ്വീകരിച്ച് ഇഷ്ടം തിരിച്ചറിയിക്കുകയാണെന്നും അധ്യാപകനായ അബ്ദുൾ പറയുകയായിരുന്നു. ഇത് വിദ്യാർത്ഥിനി ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നായിരുന്നു അധ്യാപകന്റെ മറുപടി. ഇത് കാണിക്കാൻ വിദ്യാർത്ഥിനി ആവശ്യപ്പെട്ടപ്പോൾ പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞ് അധ്യാപകൻ ക്ലാസിന് പുറത്തിറങ്ങുകയായിരുന്നു. പിന്തുടർന്ന വിദ്യാർത്ഥിനി കാറിൽ കയറാൻ ശ്രമിച്ച അധ്യാപകനെ ചെരുപ്പൂരി അടിച്ചു. ഒപ്പമെത്തിയ മറ്റ് വിദ്യാർത്ഥികളും അധ്യാപകനെ വളഞ്ഞിട്ട് തല്ലി.
നെലമംഗല താലൂക്കിലെ ടി. ബെഗൂരിലെ സിദ്ധാർത്ഥ മെഡിക്കൽ കോളേജ് ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ളതാണ്. സംഭവം വിവാദമായതോടെ കർശന നടപടിക്ക് അദ്ദേഹം മാനേജ്മെന്റിന് നിർദേശം നൽകി. ഇതിനു പിന്നാലെ അസിസ്റ്റന്റ് പ്രൊഫസർ അബ്ദുളിനെ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. അധ്യാപകനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രൂക്ഷമായ വിമർശനമാണ് ആഭ്യന്തര മന്ത്രിയും സർക്കാരും നേരിടുന്നത്.

