പത്തനംതിട്ട: പ്രേമം നടിച്ച് പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ തട്ടികൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ അടൂരില്‍ രണ്ടുപേർ പിടിയിലായി. കൊല്ലം ഭരണിക്കാവ് സ്വദേശികളായ നിഖിൽ,  ഹരിനാരായണൻ എന്നിവരെയാണ് അടൂർ പൊലീസ് പിടികൂടിയത്. എഴാം തിയ്യതിയാണ് പെൺകുട്ടിയെ തട്ടികൊണ്ടുപോയി ബലാൽസംഗം ചെയ്തത്. സ്വകാര്യ ബസ്സ് ജീവനക്കാരനായ നിഖിൽ പെൺകുട്ടിയുമായി ബസ്സിൽ വെച്ചുള്ള പരിചയം മുതലെടുത്ത് അടുപ്പം ഉണ്ടാക്കുകയായിരുന്നു. 

സ്കൂൾ വിട്ട് വരികയായിരുന്ന പെൺകുട്ടിയെ അടൂരിൽ നിന്ന് കൂട്ടികൊണ്ട് പോയി  കനാൽ പുറംപോക്കിൽ വച്ച്  ബലാത്സംഗത്തിന് ഇരയാക്കി. തുടർന്ന് രാത്രി ഹരിനാരായണന്‍റെ വീട്ടിൽ താമസിപ്പിച്ചു. കുട്ടിയുമായി പ്രണയത്തിലാണെന്നാണ് വീട്ടുകാരോട് പറഞ്ഞത്. അതിനിടെ പെൺകുട്ടിയെ കാണാതായതിന്‍റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ പൊലീസില്‍ പരാതിപ്പെടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെൺകുട്ടി ഹരിനാരായണന്‍റെ വിട്ടിൽ എത്തിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പിന്നീട് പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. 

വൈദ്യപരിശോധനയിൽ പെൺകുട്ടി ബലാൽസംഘം ചെയ്യപ്പെട്ടതായി തെളിഞ്ഞു. പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുത്തിട്ടുണ്ട്. ബസ്സ് ജീവനക്കാരനായ മറ്റൊരാൾക്ക് കൂടി കേസുമായി ബന്ധമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു, അടൂർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള പ്രതികളെ  വൈദ്യപരിശോധനക്ക് ശേഷം  അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.