ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിലെ സ്കൂളില്‍ വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണം ചെയ്തതിന് അറസ്റ്റിലായ അധ്യാപകനെതിരെ ഒരു വര്‍ഷം മുമ്പും സമാന പരാതി. പൊലീസില്‍ അറിയിക്കാതെ സ്കൂള്‍ അധികൃതര്‍ പരാതി പൂഴ്ത്തിയെന്നാണ് ആക്ഷേപം. കൗണ്‍സിലറോടാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗുരുതര ആരോപണങ്ങളാണ് സ്കൂളില്‍ നിന്നും പുറത്ത് വരുന്നത്. 16 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായ ചൂഷണം ചെയ്തതിന് പോക്സോ കേസില്‍ അറസ്റ്റിലായ സംഗീത അധ്യാപകൻ ഒരു വര്‍ഷം മുൻപും സമാന ആരോപണം നേരിട്ടിരുന്നു. അന്നും നരേന്ദ്രബാബുവിനെതിരെയുള്ള പരാതികള്‍ പൊലീസില്‍ അറിയിക്കാതെ പ്രധാന അധ്യാപകനും സീനിയര്‍ സൂപ്രണ്ടും ചേര്‍ന്ന് മുക്കി.

കഴി‍ഞ്ഞ മാസം പതിനാറാം തീയതിയാണ് 16 വിദ്യാര്‍ത്ഥികള്‍ സംഗീത അധ്യാപകൻ നരേന്ദ്രബാബുവിനെതിരെ രംഗത്ത് വന്നത്. ലൈംഗീക ചൂഷണം നടത്തുന്നുവെന്ന് കുട്ടികള്‍ കൗണ്‍സിലര്‍ക്ക് രേഖാമൂലം എഴുതി നല്‍കി. കൗൺസിലര്‍ പ്രധാന അധ്യാപകനെയും സീനിയര്‍ സൂപ്രണ്ടിനെയും വിവരം അറിയിച്ചെങ്കിലും അവര്‍ പൊലീസിനോട് പരാതിപ്പെടാൻ തയ്യാറായില്ല.

രക്ഷിതാക്കളും കളക്ടറും നല്‍കിയ പരാതിയിലാണ് നരേന്ദ്രബാബുവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പ്രധാന അധ്യാപകനെതിരെയും സൂപ്രണ്ടിനെതിരെയും നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് 95 വിദ്യാര്‍ത്ഥിനികള്‍ പഠിപ്പ് അവസാനിപ്പിച്ച് സ്കൂള്‍ വിട്ട്പോയിരുന്നു.