കായംകുളം വള്ളികുന്നത്ത് ഭർത്താവിൻ്റെ വീട്ടിലാണ്  19 കാരിയായ സുചിത്രയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് സുചിത്രയെ കണ്ടെത്തിയത്. 

ആലപ്പുഴ: ഭർത്താവിന്‍റെ വീട്ടുകാർ സ്ത്രീധനത്തിന്‍റെ പേരിൽ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് ആലപ്പുഴ വള്ളികുന്നത്ത് തൂങ്ങി മരിച്ച 19 കാരി സുചിത്രയുടെ മാതാപിതാക്കൾ. സ്വർണ്ണത്തിനും കാറിനും പുറമെ പത്ത് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പണം നൽകാത്തിതിന്‍റെ പേരിലായിരുന്നു പീഡനമെന്നും കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറയുന്നു. അതേസമയം, ഇപ്പോൾ പ്രതികരിക്കാനില്ലെന്നും പൊലീസ് വിശദമായി അന്വേഷിക്കട്ടെയെന്നും സുചിത്രയുടെ ഭർത്താവിന്‍റെ ബന്ധുക്കൾ പറഞ്ഞു.

മൂന്ന് മാസം മുൻപ് വിവാഹം ചെയ്ത് അയച്ച മകളുടെ അപ്രതീക്ഷിത വേർപാടിന്‍റെ കാരണങ്ങൾ കണ്ടെത്തണമെന്നാണ് കണ്ണീരോടെ ഈ കുടുംബം ആവശ്യപ്പെടുന്നത്. സ്ത്രീധനമായി പറഞ്ഞുറപ്പിച്ച സ്വർണ്ണവും കാറും നൽകിയാണ് സുചിത്രയുടെ വിവാഹം നടത്തിയത്. ഇതിന് പുറമെ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഭർത്താവ് വിഷ്ണുവിന്‍റെ കുടുംബം ആവശ്യപ്പെട്ടു. പണം നൽകാൻ വൈകിയതിന്‍റെ പേരിൽ ഭർതൃവീട്ടിൽ പീഡനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വർണ്ണം ലോക്കറിൽ സൂക്ഷിക്കുന്നതിന്‍റെ പേരിലും തർക്കമുണ്ടായെന്ന് സുചിത്രയുടെ കുടുംബം പറയുന്നു. ‌‌

മകൾക്ക് ഏറ്റുവാങ്ങേണ്ടിവന്ന പീഡനങ്ങൾ ഇന്നലെ വീട് സന്ദർശിച്ച വനിത കമ്മീഷനോട് സുചിത്രയുടെ അച്ഛനും അമ്മയും വിശദീകരിച്ചിരുന്നു. തൂങ്ങി മരണത്തിലെ സംശയങ്ങൾ നീക്കാൻ പൊലീസ് വിശദമായി അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. സുചിത്രയുടെ മുറിയിൽ നിന്ന് കിട്ടിയ മൊബൈൽ ഫോൺ പൊലീസിന്‍റെ പക്കലുണ്ട്. ഫോൺ രേഖകൾ ശാസ്ത്രീയമായി പരിശോധിക്കും. കുടുംബം ഉന്നയിക്കുന്ന സ്ത്രീധനപീഢന ആരോപണങ്ങളും അന്വേഷണത്തിന്‍റെ പരിധിയിലുണ്ടെന്ന് വള്ളികുന്നം പൊലീസ് അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona