വാരണാസി: അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച് സ്വവര്‍ഗാനുരാഗിക്കു നേരെ പങ്കാളി  വെടിയുതിര്‍ത്തു. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് മുഗള്‍സരായി സ്വദേശി അങ്കിതിനെ പങ്കാളി വെടിവെച്ചത്. സംഭവത്തില്‍ അങ്കിതിന്‍റെ പങ്കാളി ശ്രാവണ്‍ കുമാര്‍ ഗുപ്തയെ മുഗള്‍സരായി പൊലീസ് അറസ്റ്റ് ചെയ്തു. 

മറ്റ് സ്ത്രീകളുമായും പുരുഷന്‍മാരുമായും അങ്കിതിന് ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. അങ്കിത് മറ്റുള്ള സ്ത്രീകളോടും പുരുഷന്‍മാരോടും ഇടപെടുന്നതിന്‍റെ ദൃശ്യങ്ങള്‍ കണ്ട ശ്രാവണ്‍ അസ്വസ്ഥനായിരുന്നു.  ഇതിന്‍റെ വൈരാഗ്യത്തില്‍ സെപ്തംബര്‍ 26 ന് ഗുപ്ത അങ്കിതിനെ വിജനമായ സ്ഥലത്തെത്തിച്ച് വെടിവെയ്ക്കുകയായിരുന്നു. ഉടന്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ശ്രാവണിനെ പിന്നീട് പൊലീസ് യൂറോപ്യന്‍ കോളനിയില്‍ നിന്ന് കണ്ടെത്തി. വെടിവെക്കാന്‍ ഉപയോഗിച്ച തോക്ക് പ്രതി പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ചത് റെയില്‍വേ ട്രാക്കില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ അങ്കിതിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.